ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്‌എഫ് ജവാന് വീരമൃത്യു. ബീഹാർ സ്വദേശി രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്.മേയ് ഒമ്ബതിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. രാംബാബുവിന്റെ കുടുംബം ജമ്മു കാശ്മീരില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബാസില്‍പൂർ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. ഇരുവരും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.
സംഭവം നടക്കുന്ന ദിവസവും രാംബാബു ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘർഷം തുടരുന്നതിനാല്‍ ജമ്മു കാശ്മീരില്‍ തന്നെ രാംബാബുവിനെ നിലനിർത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കുമെന്നാണ് വിവരം. സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ ബീഹാറില്‍ നിന്നുളള മറ്റൊരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ബിഎസ്‌എഫ് സബ്‌ഇൻസ്‌പെക്ടറായ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
Post a Comment