അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതല്‍ പതിച്ചത് കോന്നിയിലും ചങ്ങനാശേരിയിലും; കണ്ണൂരിൽ ധർമ്മടത്ത് യെല്ലോ അലർട്ട്



.
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.
ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലുമാണ്. ഇവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്.

അള്‍ട്രാ വയലറ്റ് സൂചിക ആറുമുതല്‍ ഏഴുവരെ‌യെങ്കില്‍ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കില്‍ റെഡ് അലർട്ടുമാണ് നല്‍കുക. ഇതുപ്രകാരം മൂന്നാറില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഒമ്ബത്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ‌ (ഒമ്ബത്), വയനാട് ജില്ലയിലെ മാനന്തവാടി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്.

അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), ഇടുക്കി ജില്ലയിലെ മൂന്നാർ (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

പകല്‍ 10 മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറംജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്ബ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു

Post a Comment

Previous Post Next Post