കൊക്കോക്ക് കയ്പ്; വിലയിടിവില്‍ കര്‍ഷകര്‍ക്ക് നിരാശ


ഇരിട്ടി: കൊക്കോക്ക് മാർക്കറ്റില്‍ ഉണ്ടായ വിലയിടിവ് കർഷകരെ നിരാശയിലാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ കൊക്കോ പച്ച ബീൻസ് കിലോക്ക് 350 രൂപ ഉണ്ടായിരുന്നു.ഇപ്പോള്‍ 120 രൂപയിലെത്തി നില്‍ക്കുകയാണ്. ആയിരത്തിനുമുകളില്‍ കഴിഞ്ഞ വർഷം വിലയുണ്ടായിരുന്ന ഉണക്ക ബീൻസ് 350 ലേക്കാണ് കൂപ്പുകുത്തിയത്.
കൊക്കോയുടെ ഉയർന്ന വിലയില്‍ ഭ്രമിച്ച്‌ കർഷകർ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകർച്ച തിരിച്ചടിയായത്. കൊക്കോയുടെ ആഗോള ഉപഭോഗം വർധിക്കുന്നതിനാല്‍ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെ പേർ വീണ്ടും അതിലേക്ക് തിരിഞ്ഞത്.
കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ചക്കിടെ കൊക്കോ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. ഉണങ്ങിയ കൊക്കോ 350 രൂപക്കാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. പച്ച കൊക്കോ വില 115 മുതല്‍ 120 രൂപയുമായി.
ചോക്ലേറ്റ് കമ്ബനികളുടെയും ഇടനിലക്കാരുടെയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞുനില്‍ക്കുന്ന സമയത്തും കൊക്കോ വില ഇടിയാൻ കാരണമാകുന്നതെന്നാണ് കർഷകരുടെ പരാതി. ഉല്‍പാദനവും ഇറക്കുമതിയും കുറഞ്ഞതിനാല്‍ മുൻവർഷം അപ്രതീക്ഷിതമായി കൊക്കോ വില കുതിച്ചു കയറുകയായിരുന്നു. 2024 മേയിലാണ് കൊക്കോ വില റെക്കോഡിടുന്നത്. അന്ന് 1000-1100 രൂപവരെ ഉണങ്ങിയ കൊക്കോക്ക് ലഭിച്ചിരുന്നു.മേയ് മുതല്‍ സെപ്റ്റംബർ വരെയാണ് കമ്ബോളങ്ങളില്‍ കൂടുതലായി കൊക്കോ എത്തുന്നത്. ഇടക്കാലത്ത് അണ്ണാൻ, മരപ്പട്ടി ശല്യവും കീടബാധയുംമൂലം കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു.
വില വർധിച്ചതോടെ തോട്ടങ്ങളിലുള്ള കൊക്കോ ചെടികള്‍ക്ക് മികച്ച പരിചരണമാണ് കർഷകർ നല്‍കിയത്. വിലയിടിവ് കർഷകർക്കും കൊക്കോ സംഭരിച്ച ചെറുകിട വ്യാപാരികള്‍ക്കും തിരിച്ചടിയാകും.

Post a Comment

Previous Post Next Post