കാസര്‍ഗോഡ് വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ വ്യാജ പണപ്പിരിവ്; പരാതിയുമായി കുടുംബം

കാസർഗോഡ്: കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ വ്യാജ പണപ്പിരിവെന്ന് പരാതി. പഴയ കടപ്പുറം സ്വദേശി ആഷിക്കിന്റെ പേരിലാണ് പണം പിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു .സംഭവത്തില്‍ ബദ്രിയ നഗർ സ്വദേശികളായ ഷിയാൻ, അസീം എന്നിവർക്കെതിരെ ആഷിക്കിന്റെ മാതാവ് ഹോസ്ദുർഗ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൂന്നുമാസം മുൻപാണ് പഴയ കടപ്പുറം സ്വദേശി ആഷിക്കും, സുഹൃത്തും പടന്നക്കാട് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. റോഡരികില്‍ ഇരുചക്ര വാഹനം നിർത്തി സംസാരിക്കവെ നിയന്ത്രണം വിട്ടു വന്ന ലോറിയിടിച്ചായിരുന്നു മരണം. അപകടത്തിന്റെ ദൃശ്യങ്ങളും, ആശുപത്രി രേഖകളും കാണിച്ചാണ് സ്നാപ് ചാറ്റ് വഴി വ്യാജമായി പണപ്പിരിവ് നടത്തുന്നത്. പെണ്‍കുട്ടികള്‍ക്കാണ് കൂടുതലായും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകള്‍ പോകുന്നതെന്നും പരാതിയുണ്ട്.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകള്‍ക്ക് പിന്നില്‍ ബദ്രിയ നഗർ സ്വദേശികളായ ഷിയാൻ, അസീം എന്നീ യുവാക്കള്‍ ആണെന്ന് ആഷിക്കിന്റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കി. സൈബർ സെല്ലിന്റെ സഹായത്തോടെ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post