ദില്ലി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി 9 ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ, ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ.പാകിസ്ഥാൻ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്മോസ് മിസൈലുകള്‍ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളില്‍ ഒന്നാണ് ബ്രഹ്മോസ്. റഡാറുകളെ ഭേതിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശേഷിയുള്ള, ഏറെ സവിശേഷതകളുള്ളതാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍. പാക് സൈനിക വക്താവിന്‍റെ പ്രസ്താവന ശരിയാണെങ്കില്‍, ആദ്യമായിട്ടാണ് ഇന്ത്യ ഒരു സംഘർഷത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിക്കുന്നത്. പാകിസ്ഥാന്‍റെ വ്യോമ താവളങ്ങള്‍ തകർക്കാനും എയർ റഡാർ സംവിധാനങ്ങള്‍ തകർക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്ബ് നടന്ന ബ്രഹ്മോസിന്‍റെ ദൂരപരിധി സംബന്ധിച്ച് പരീക്ഷണം നടത്തിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് 800 കിലോമീറ്റർ പരിധി ഉറപ്പിച്ചതായി കഴിഞ്ഞ ചൊവ്വാഴ്ച സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. മാക് 2.8 നും മാക് 3.0 നും ഇടയിലുള്ള വേഗതയില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്ബരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാള്‍ ഏകദേശം മൂന്നിരട്ടി വേഗതയില്‍, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മേല്‍ പതിക്കും.തുടക്കത്തില്‍ 290 കിലോമീറ്റർ പരിധിയായിരുന്നു ബ്രഹ്മോസ് മിസൈലിനുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിമില്‍ (എം ടി സി ആർ) പ്രവേശിച്ചതോടെ ബ്രഹ്മോസിന്‍റെ ദൂരപരിധിയും ഗണ്യമായി വികസിച്ചു. ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 800 കിലോമീറ്റർ ദൂരപരിധി ഇപ്പോള്‍ ഇന്ത്യയുടെ സാങ്കേതിക മികവിനെയാണ് കാണിക്കുന്നത്.
അതേസമയം ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോണ്‍ ആണ് സ്ഥിരീകരിച്ചത്. പാക് - യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമിച്ച വ്യോമതാവളമാണിത്. വിമാനത്താവളം തകർന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയല്‍ ലോഞ്ച് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.
Post a Comment