മലപ്പുറം: വാഗ്ദാനംചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു .വണ്ടൂർ കരിമ്ബൻ തൊട്ടിയില്‍ അലവി നല്‍കിയ പരാതിയിലാണ് നടപടി.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇദ്ദേഹം ചുങ്കത്തറ കാർഷിക നഴ്‌സറിയില്‍നിന്ന് 3425 രൂപ നല്‍കി 150 നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കന്നുകള്‍ വാങ്ങിയിരുന്നു. പത്തു മാസത്തിനകം വാഴ കുലയ്ക്കുമെന്നും ഓണവിപണിയില്‍ വില്‍പ്പന നടത്താമെന്നും കരുതിയാണ് കന്നുകള്‍ വാങ്ങിയത്.
എന്നാല്‍ സമയത്ത് വാഴ കുലച്ചില്ലെന്നു മാത്രമല്ല നേന്ത്രവാഴയ്ക്കു പകരം സ്വർണമുഖി എന്ന ഇനത്തില്‍പ്പെട്ട കന്നുകളാണ് അലവിക്കു കിട്ടിയത്. മറ്റു കന്നുകളും ആവശ്യപ്പെട്ട പ്രകാരമല്ല കിട്ടിയത്. തുടർന്ന് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയില്‍ വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മിഷനും കൃഷിസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന്റെ വാദഗതികള്‍ ശരിവെച്ചുള്ള റിപ്പോർട്ടുകള്‍ അംഗീകരിച്ചാണ് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകള്‍ക്ക് നല്‍കിയ 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതിച്ചെലവായി 10,000 രൂപയും നല്‍കാൻ കമ്മിഷൻ ഉത്തരവിട്ടത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഒൻപത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവില്‍ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരേയാണ് കമ്മിഷന്റെ വിധി.
Post a Comment