ദേശീയപാത ഡിവൈഡറില്‍ വാഹനങ്ങള്‍ ഇട‌ിച്ചു കയറിയുള്ള അപകടം പതിവാകുന്നു


കണ്ണൂർ: കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയില്‍ പള്ളിക്കുന്ന് മുതല്‍ കാള്‍ടെക്സ് വരെയുള്ള ഭാഗങ്ങളില്‍ ഡിവൈഡറില്‍ വാഹനങ്ങള്‍ ഇ‌ടിച്ചു കയറിയുണ്ടാകുന്ന അപകടങ്ങള്‍ പതിവാകുന്നു.
രാത്രിയും പകലും അപകടങ്ങള്‍ നിത്യ സംഭവമായി മാറുകയാണ്. ഇന്നലെ രാവിലെ ശ്രീപുരം സ്കൂളിന് സമീപം പള്ളിക്കുന്ന് ജംഗ്ഷനിലെ ഡിവൈഡറില്‍ ലോറി ഇടിച്ചു കയറി.

നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് പ്രധാന കാരണം. കൂടാതെ, ഡിവൈഡറുകളില്‍ റിഫ്ലക്ടറുകള്‍ ഇല്ലാത്തതും റോഡിലെ വെളിച്ചകുറവുമാണ് രാത്രിയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. അമിത വേഗതയും ശ്രദ്ധക്കുറവുമാണ് പകല്‍ സമയങ്ങളിലെ അപകടത്തിന് കാരണം.

പള്ളിക്കുന്ന് വനിതാ കോളജിന് മുൻ വശത്ത് നിന്നാരംഭിക്കുന്ന ഡിവൈഡറുകള്‍ കഴിഞ്ഞാല്‍ പിന്നീട് 200 മീറ്ററോളം ഭാഗത്ത് ഡിവൈഡറുകളില്ല. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് നിന്നാണ് പിന്നീട് ഡിവൈഡറുകള്‍ ആരംഭിക്കുന്നത്. തുടർച്ചയായി ഡിവൈഡറുകളില്ലാതെ ഇടവിട്ടാണ് കാള്‍ടെക്സ് വരെ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഡറുകള്‍ തീർന്നെന്ന് കരുതി മറ്റു വാഹനങ്ങള്‍ മറി കടക്കുന്പോള്‍ പല വാഹനങ്ങളും അടുത്ത ഡിവൈഡർ തുടങ്ങുന്നിടത്തേക്ക് ഇടിച്ചു കയറുകയാണ്. ഡിവൈഡറുകള്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ് ബോർഡുകള്‍ പലയിടത്തുമില്ലാത്തതും അപകടത്തിനിടയാക്കുന്നുണ്ട്.

Post a Comment

Previous Post Next Post