ഓപ്പറേഷൻ സിന്ദൂർ: 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറിലധികം ഭീകരരും 40 പാക് സൈനികരും കൊല്ലപ്പെട്ടു-സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാർത്താസമ്മേളനം.
മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഒൻപത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു.
കാണ്ഡഹാർ വിമാനം റാഞ്ചൽ, പുൽവാമ സ്ഫോടനം എന്നിവയിൽ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായും ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് കൂട്ടിച്ചേർത്തു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിൽ പാക് സൈന്യത്തിലെ 35-40 സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post