തൂക്കുകയറിന്റെ നിശ്ശബദ്ത ; കാണാം ജയിലിന്റെ അകക്കാഴ്ചകള്‍


കണ്ണൂർ : പൊതുജനങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകള്‍ തുറന്നുകാട്ടുന്ന ജയില്‍ വകുപ്പിന്റെ സ്റ്റാള്‍ ജനശ്രദ്ധ നേടുന്നു.രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയില്‍ വന്നാല്‍ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരില്‍ക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രല്‍ ജയിലിന്റെ മാതൃകയില്‍ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെല്‍, തടവുകാർക്ക് ഫോണ്‍ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികള്‍ എന്നിവയും വിവിധ ശിക്ഷാ നടപടികള്‍, ശിക്ഷാ തടവുകാർക്കുള്ള അവധികള്‍ തുടങ്ങി ജയില്‍ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികള്‍ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരല്‍മല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച്‌ നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകള്‍, മനോഹരമായ ശില്‍പ്പങ്ങള്‍, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള വസ്ത്രങ്ങള്‍ എന്നിവ മേളയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച്‌ തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബണ്‍ ചിത്രങ്ങളും മ്യൂറല്‍ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയില്‍ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങള്‍ക്ക് സ്റ്റാളില്‍ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങള്‍ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉല്‍പ്പന്നങ്ങളും.

Post a Comment

Previous Post Next Post