പെരുന്നാള്‍ വസ്ത്രമെടുക്കാൻ പോയവര്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് തുറന്ന വാതില്‍; 22 പവൻ സ്വര്‍ണ്ണം കവര്‍ന്ന് മോഷ്ടാവ്


തൃക്കരിപ്പൂർ:  വീട്ടുകാർ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാൻ പോയ തക്കം നോക്കി, ചന്തേര മാണിയാട്ടെ കാട്ടൂർ സിദ്ദിഖ് ഹാജിയുടെ വീടിൻ്റെ വാതില്‍ തകർത്ത് 22 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു.
ചന്തേര സഹകരണ ബാങ്കിൻ്റെ വടക്കുഭാഗത്താണ് സിദ്ദിഖ് ഹാജിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 3:30 നും രാത്രി 10 മണിക്കും ഇടയിലാണ് മോഷണം നടന്നത്. സിദ്ദിഖ് ഹാജി ഹജ്ജിന് പോയതിനാല്‍ വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ ഖദീജ മറ്റ് വീട്ടുകാർക്കൊപ്പം പെരുന്നാളിനുള്ള വസ്ത്രങ്ങള്‍ എടുക്കാൻ വൈകുന്നേരം പയ്യന്നൂരിലേക്ക് പോയിരുന്നു. രാത്രി 10 മണിയോടെ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടൻ തന്നെ അവർ ചന്തേര പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിദ്ദിഖ് ഹാജിയുടെ മകൻ സിറാജുദ്ദീൻ്റെ ഭാര്യ രാമന്തളിയിലെ എം.കെ. ജുസ്സിലയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മുക്കുപണ്ടങ്ങള്‍ അവിടെ ഉപേക്ഷിച്ച്‌ സ്വർണ്ണം മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. 4.90 ലക്ഷം രൂപ വിലയുള്ള വലിയ നെക്ലേസ്, 1.75 ലക്ഷം രൂപ വില വരുന്ന മറ്റൊരു നെക്ലേസ്, 5.60 ലക്ഷത്തിന്റെ വളകള്‍, 70,000 രൂപയുടെ മോതിരം, ഒരു ലക്ഷം രൂപ വിലവരുന്ന മറ്റൊരു മോതിരം, 35000 രൂപവരുന്ന ബ്രേസ്ലെറ്റ്, 70000 രൂപവിലയുള്ള കമ്മല്‍ എന്നിവയാണ് മോഷണം പോയത്. നഷ്ടപെട്ട ആഭരണങ്ങള്‍ക്ക് 15 ലക്ഷം രൂപ വിലവരും.
വീടിനെയും വീട്ടുകാരെയുംക്കുറിച്ച്‌ നന്നായി അറിയുന്ന ആരോ ആയിരിക്കാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. നിരവധി വീടുകളുള്ള ഒരു മതിലകത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കനത്ത മഴ കാരണം മോഷണശബ്ദം പരിസരവാസികള്‍ ആരും കേട്ടിരുന്നില്ല. തൊട്ടടുത്ത വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തൃക്കരിപ്പൂരില്‍ നടന്ന ഈ മോഷണത്തെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Post a Comment

Previous Post Next Post