ദൃശ്യം സിനിമ ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരു ദൃശ്യം മോഡല്‍ കൊലപാതകം; 15 വര്‍ഷം മുമ്ബ് കാണാതായ പെണ്‍കുട്ടി മരിച്ചെന്ന് കണ്ടെത്തി; തെളിവു നശിപ്പിക്കാൻ പ്രതി നടത്തിയത് ദൃശ്യം സിനിമയിലേതിന് സമാനമായ രീതി


കാസർകോട്: മോഹൻലാല്‍ നായകനായ ദൃശ്യം സിനിമ കൊലപാതക കേസുകളില്‍ തെളിവു നശിപ്പിക്കാൻ ക്രിമിനലുകളെ സഹായിക്കുന്നു എന്നാണ് പൊതുവെയുള്ള പഴി.എന്നാല്‍ ദൃശ്യം സിനിമ ഇറങ്ങുന്നതിനും വർഷങ്ങള്‍ക്ക് മുൻപ് ഒരു ദൃശ്യം മോഡല്‍ കൊലപാതകം നടന്നു. കാഞ്ഞങ്ങാട് അമ്ബലത്തറയില്‍ 15 വർഷംമുമ്ബ് കാണാതായ പെണ്‍കുട്ടി മരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ കേസിലാണ് പ്രതി തെളിവുകള്‍ നശിപ്പിക്കാൻ ദൃശ്യം സിനിമയിലേതിനു സമാനമായ രീതികള്‍ പ്രയോഗിച്ചത്. 2013ലാണ് ദൃശ്യം സിനിമ ഇറങ്ങിയത് എങ്കില്‍ അതിനു മുമ്ബ് 2010ലാണ് ഈ മരണം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ പാണത്തൂർ ചെമ്ബലാല്‍ സ്വദേശി ബൈജു പൗലോസ് ആണ് തെളിവുനശിപ്പിക്കാൻ ദൃശ്യം മോഡല്‍ നടപ്പാക്കിയത്.
കേസില്‍ കൊലപാതക വകുപ്പ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയത് പ്രതിയാണ്. 2010 ജൂണ്‍ ആറിന് പാണത്തൂർ പവിത്രം കയത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്രതി താഴ്ത്തിയത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാരെ അറിയിച്ചാല്‍ താൻ പിടിക്കപ്പെടുമെന്ന് ഭയന്നാണ് പുഴയില്‍ താഴ്ത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. മൃതദേഹം മറവുചെയ്ത ശേഷം എറണാകുളത്തേക്ക് മുങ്ങിയ പ്രതി പെണ്‍കുട്ടിയുടെ ഫോണും കൊണ്ടുപോയി.
തന്റെ ഫോണില്‍നിന്ന് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിക്കുകയും പെണ്‍കുട്ടിയുടെ ഫോണ്‍ അറ്റൻഡ് ചെയ്തതായി രേഖയുണ്ടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ 'മകളുടെ' ഫോണില്‍നിന്ന് മിസ് കാള്‍ ചെയ്ത് വിളിച്ചതായി രേഖപ്പെടുത്തി. അച്ഛൻ ശബ്ദം തിരിച്ചറിയുമെന്ന് കരുതി സംസാരിക്കാൻ ശ്രമിച്ചില്ല. പകരം പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് അച്ഛന്റെ സുഹൃത്തിന്റെ ഫോണിലേക്ക് പെണ്‍ ശബ്ദത്തില്‍ വിളിച്ചു. അന്ന് ചൈന മൊബൈല്‍ സെറ്റിന് അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു. അച്ഛനെ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നും അതുകൊണ്ടാണ് വിളിക്കുന്നതെന്നും അച്ഛന്റെ സുഹൃത്തിനോട് പറഞ്ഞു. താൻ എറണാകുളത്ത് ആറുമാസ കോഴ്സിന് ചേർന്നിരിക്കുകയാണെന്നും വിളിക്കേണ്ട എന്നും പറഞ്ഞു.

Post a Comment

Previous Post Next Post