വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഇന്നു നടക്കും.വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയ്ക്ക്( പ്രാദേശികസമയം രാവിലെ പത്തിന്) വാഴിക്കല്‍ ചടങ്ങുകള്‍ ആരംഭിക്കും. അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം സമയമെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.
സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രാർഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമൻ മാർപാപ്പ) ആദ്യ മാർപാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്.
തുടർന്ന് രണ്ട് ഡീക്കന്മാർ പാലിയം, മുക്കുവന്റെ മോതിരം, ബൈബിള്‍ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന അള്‍ത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍.
Post a Comment