നടുവില്‍: ജില്ലയിലെ റബര്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണ റബര്‍ഫാക്‌ടറി അടച്ചുപൂട്ടി കാടുകയറിയിട്ട് പതിറ്റാണ്ടായി.
റബര്‍ വില കുറയുകയും ടയര്‍ കമ്ബനികള്‍ വിദേശടയറുകള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതുമായ കാലത്ത് 1980 കളില്‍ റബര്‍ കര്‍ഷകര്‍ രൂപം കൊടുത്ത കണ്ണൂര്‍ ജില്ലാ റബര്‍ ഉല്‍പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടുവില്‍ പഞ്ചായത്തില്‍ ആരംഭിച്ച ലാറ്റക്‌സ് ഫാക്‌ടറിയാണ് അടച്ചുപൂട്ടിയത്. റബര്‍ ഷീറ്റിനു വില കുറഞ്ഞപ്പോള്‍ പകരം കര്‍ഷകരില്‍ നിന്നും റബര്‍പാല്‍ നേരിട്ടു ശേഖരിച്ചു ലാറ്റക്‌സ് ആക്കി മാറ്റി കമ്ബനികള്‍ക്കു വില്‍ക്കുന്നതായിരുന്നു ലക്ഷ്യം. വിളക്കണ്ണൂരിലെ കര്‍ഷകര്‍ സൗജന്യമായി നല്‍കിയതും, സംഘം വില കൊടുത്തു വാങ്ങിയതുമായ ആറ് ഏക്കറോളം സ്‌ഥലത്താണ് ഫാക്‌ടറി സ്‌ഥാപിച്ചത്. ആദ്യഘട്ടത്തില്‍ റബര്‍പാല്‍ ലാറ്റക്‌സ് രൂപത്തിലേക്കു മാറ്റുന്ന പ്രവര്‍ത്തനമാണ് തുടങ്ങിയത്. കൂടുതല്‍ വൈവിധ്യവല്‍കരണത്തിലേക്കു കടന്നപ്പോള്‍ നാളികേരം സംഭരിച്ച് കൊപ്രയാക്കി മാറ്റി വില്‍പന നടത്തുന്നതിലേക്കും ചുവടു വെച്ചു. കൊപ്രയാക്കി മാറ്റുന്നതിനു നാലോളം കൂറ്റന്‍ ഡ്രയറുകള്‍ സ്‌ഥാപിച്ചു. ഓഫീസ് ജീവനക്കാരടക്കം അമ്ബതോളം പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കി. തളിപ്പറമ്ബ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് ഫാക്‌ടറി പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെ.എം. മാത്യു, പി.പി. കൃഷ്‌ണന്‍ നമ്ബ്യാര്‍ എന്നിവര്‍ ആദ്യകാല നേതൃത്വനിരയിലുണ്ടായിരുന്നവരാണ്. പിന്നീട് കേരളാ കോണ്‍ഗ്രസ് നേതാവായ പി.ടി. ജോസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. ഭരണസമിതിയാണ് ഭരിച്ചിരുന്നത്.
ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണസംഘം ക്രമേണ നഷ്‌ടത്തിലേക്കു മാറി. റബറിനു വില കുറയുന്ന അവസരത്തില്‍ കൂടിയ വിലക്കു വാങ്ങിയതും കൊപ്രസംഭരണത്തിലെ ക്രമക്കേടുകളും ഭരണസമിതിയിലെ പടലപ്പിണക്കങ്ങളും ഫാക്‌ടറിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. അന്നത്തെ യു.ഡി.എഫ്. ഭരണസമിതിയിലെ സഹകരണ വകുപ്പ് കൈയാളിയിരുന്ന സി.എം.പിയെ ഭരണത്തില്‍ നിന്നും ഒഴിവാക്കിയത് രാഷ്‌ട്രീയമായി തിരിച്ചടിയായി. ജില്ലാ ബാങ്കില്‍ കുടിശികയായുണ്ടായിരുന്ന ലക്ഷക്കണക്കിനു കടം തിരിച്ചടക്കുന്നതിനു സഹകരണ സംഘത്തിനു വലിയ സാമ്ബത്തിക ബാധ്യത സൃഷ്‌ടിച്ചു. ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങി. ക്രമേണ പ്രവര്‍ത്തനം നിലച്ചു. ജീവനക്കാരുടെ ശമ്ബളയിനത്തിലും തൊഴിലാളികളുടെ കൂലിയിനത്തിലും വലിയ കുടിശികയാണുള്ളത്. യാതൊരു ആനുകൂല്യവും കിട്ടാതെ തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ കോടതിയെ സമീപിച്ചു. ഫാക്‌ടറിയും കെട്ടിടവും വില്‍പന നടത്തി കുടിശ്ശിക തീര്‍ക്കാനുള്ള വിധി ഉണ്ടായെങ്കിലും ബാങ്കിലെ കുടിശ്ശികയും ജീവനക്കാരുടെ ശമ്ബള കുടിശികയും തീര്‍ക്കുന്നതിനാവശ്യമായ തുക സ്‌ഥലവും കെട്ടിടവും വില്‍പന നടത്തിയാല്‍ തികയില്ല എന്നതിനാല്‍ തര്‍ക്ക പരിഹാരം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുന്നതിനാല്‍ ഓഫീസും ഫാക്‌ടറി കെട്ടിടങ്ങളുമുള്‍പ്പെടെ പത്തോളം കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഇളകുന്ന യന്ത്ര സാമഗ്രികള്‍ മോഷ്‌ടിക്കപ്പെട്ടു. കൂറ്റന്‍ അമോണിയ സംഭരണിയും കുടിവെള്ള ടാങ്കും തകര്‍ന്നുതുടങ്ങി. ആറേക്കറോളം ഫലഭൂയിഷ്‌ടമായ ഭൂമിയാണ് ഫാക്‌ടറി പരിസരത്തുള്ളത്. കാടുമൂടിയ ഇവിടം വന്യമൃഗങ്ങളും ഇഴജന്തുക്കളുടെയും താവളമായി മാറിയത് പരിസരവാസികള്‍ക്ക് ദുരിതമായി. എന്നിരുന്നാലും ഫാക്‌ടറി അടച്ചുപൂട്ടിയതില്‍ ആശ്വസിക്കുന്ന പരിസരവാസികളുമുണ്ട്. വലിയ തോതില്‍ മാലിന്യവും ദുര്‍ഗന്ധവും നിമിത്തം പൊറുതി മുട്ടിയവരാണവര്‍. കാടുവെട്ടിത്തെളിച്ച് വന്യമൃഗശല്യം ഒഴിവാക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍ പ്രസിഡന്റായിട്ടുള്ള യു.ഡി.എഫ.് ഭരണസമിതിയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ സഹായം ലഭിക്കുകയാണെങ്കില്‍ സംഘത്തിന്റെ സാമ്ബത്തിക ബാധ്യതകള്‍ പരിഹരിച്ച് ഫാക്‌ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment