പട്ന: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കല്‍പ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറില്‍ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരേയും ഇതിന് പിന്നില്‍ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങള്‍ മുഴുവൻ തുടച്ചുനീക്കുമെന്നുംമോദി പറഞ്ഞു. ഭീകരാക്രമണത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായാണ് രോഷം പ്രകടിപ്പിക്കുന്നത്. ഭീകരരെ കണ്ടെത്തി ശിക്ഷിക്കും. ഈ സമയത്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും രാഷ്ട്രനേതാക്കള്‍ക്കും നന്ദി അറിയിക്കുകയാണെന്നും മോദി പറഞ്ഞു.
140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികള്‍ക്ക് കനത്ത അടി നല്‍കും. ഓരോ ഭീകരരെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കും. ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തും. നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതില്‍ രാജ്യം ദുഃഖത്തിലാണ്. വിവിധ കോണുകളിലുള്ള മനുഷ്യർ ദുഃഖാർത്തരാണ്. ദുഃഖാർത്തരായ അവരുടെ കുടുംബങ്ങള്‍ക്കൊപ്പം രാജ്യം ഒന്നാകെയുണ്ട്. ചികല്‍സയിലുള്ളവർ വേഗം സുഖമാകട്ടെ. അതിനുള്ള എല്ലാ സഹായവും സർക്കാർ നല്‍കും. കാർഗില്‍ മുതല്‍ കന്യാകുമാരി വരെ ഈ ദുഃഖത്തില്‍ ഒന്നിച്ചു. ഭീകരാക്രമണത്തില്‍ പലർക്കും മകനെയും സഹോദരനെയും സ്വന്തം ജീവൻ തന്നെയും നഷ്ടപെട്ടു. അവരില്‍ മറാഠിയും ഗുജറാത്തിയും ബിഹാരിയും ഒഡിഷക്കാരനുമുണ്ട്. മനുഷ്യത്വത്തില്‍ വിശ്വാസമുള്ളവരെല്ലാം നമുക്കൊപ്പമാണെന്നും ഈ സമയത്ത് കൂടെ നിന്ന ലോകനേതാക്കള്‍ക്കെല്ലാം നന്ദി പറയുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
ബിഹാറില്‍ ഒരു മിനിറ്റ് മൗനം ആരംഭിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
Post a Comment