ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

ആലക്കോട്: യുഡിഎഫ് ഭരിക്കുന്ന ആലക്കോട് പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ഭിന്നതയ്ക്കിടെ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.
പ്രസിഡന്‍റ് കോണ്‍ഗ്രസിലെ ജോജി കന്നിക്കാട്ടിനെതിരേയാണ് എല്‍ഡിഎഫിലെ പത്ത് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയത്.

പഞ്ചായത്ത് പ്രസിഡന്‍റില്‍ വിശ്വാസം നഷ്ടപ്പെട്ടതായി നോട്ടീസില്‍ പറയുന്നു. 21 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് മൂന്നും അംഗങ്ങളാണ് ഉള്ളത്. വൈസ് പ്രസിഡന്‍റ് സ്ഥാനം മുസ്‌ലിം ലീഗിനാണ്. കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ലീഗ് അംഗങ്ങള്‍ പങ്കെടുത്തില്ല.

പഞ്ചായത്ത് ഭരണസമിതി തീരുമാനം നടപ്പിലാക്കാൻ പ്രസിഡന്‍റ് തയാറാകുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്. ഇലക്ഷൻ മുമ്ബില്‍ കണ്ടുള്ള വിലപേശല്‍ തന്ത്രം മാത്രമാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രസിഡന്‍റിനെതിരേ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

Post a Comment

Previous Post Next Post