കരുവഞ്ചാല്‍: കരുവഞ്ചാല്‍-വായാട്ടുപറമ്ബ് റോഡ് ജംഗ്ഷനില്‍ ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. മലയോര ഹൈവേയെയും ടിസിബി റോഡിനെയും ബന്ധിപ്പിച്ചുള്ള കരുവഞ്ചാല്‍ ടൗണിലെ തിരക്കേറിയ വായാട്ടുപറമ്ബ് റോഡ് ജംഗ്ഷനില്‍ അപകടം പതിയിരിക്കുകയാണ്.
കരുവഞ്ചാല്‍ ടൗണില്‍ നിന്ന് മലയോര ഹൈവേ ആരംഭിക്കുന്ന ഭാഗമാണ് വായാട്ടുപറമ്ബ് റോഡ്. ഇതിനോടു ചേർന്നാണ് തളിപ്പറമ്ബ് ഗൂർഗ് ബോർഡർ റോഡ് കടന്നുപോകുന്നത്.
ഏതുസമയവും ഇരുറോഡുകളിലൂടെയും ബസുകളും ലോറികളും ഉള്‍പ്പെടെ വലുതും ചെറുതുമായ നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള വാഹനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങളോ ഇരു റോഡുകളെയും വേർതിരിച്ചുള്ള ഡിവൈഡറോ മറ്റ് അറിയിപ്പുകള്‍ സ്ഥാപിച്ച ബോർഡോ ഇവിടെയില്ല. ആയതിനാല്‍ അപകടങ്ങളും തുടർക്കഥയാണ്.
കാല്‍നടയാത്രക്കാരും അപകട ഭീഷണി നേരിടുകയാണ്. പല വാഹനങ്ങളും ഗതാഗത നിയമം പാലിക്കാതെ തോന്നിയ പോലെയാണ് തിരക്കേറിയ ഇരു റോഡുകളിലേക്കും പ്രവേശിക്കുകയും എതിരെ വരികയും ചെയ്യുന്നത്. വഴിതെറ്റി എത്തുന്ന വാഹനങ്ങളും അപകടാവസ്ഥ ഉയർത്തുന്നുണ്ട്. ഡിവൈഡർ ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതുസംബന്ധിച്ച് കരുവഞ്ചാല്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.
Post a Comment