കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നല്‍കിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
പ്രതികളില്‍ ഒരാളുടെ പിതാവ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്കൂളില്‍ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, മകൻ്റെ മരണത്തില്‍ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പ്രതികരിച്ചു. പരീക്ഷ എഴുതാൻ അവസരം നല്‍കിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്ന് ഇഖ്ബാല്‍ പറഞ്ഞു. അവർ പരീക്ഷ എഴുതുന്നത് അംഗീകരിക്കാൻ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അവരെ വേണമെങ്കില്‍ അടുത്തവർഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങള്‍ക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷൻ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങള്‍ക്ക് മകൻ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറഞ്ഞു.
അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.
Post a Comment