തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചാന് കൈമാറി ഡിജിപി ഉത്തരവ്. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്ന സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്.
കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറുക.
ക്രൈംബ്രാഞ്ചിന്‍റെ കുറ്റാന്വേഷണ വിഭാഗത്തിനു പുറമേ എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
പകുതി വില സ്കൂട്ടർ തട്ടിപ്പില്‍ നിന്ന് കിട്ടിയ പണം ചെലവഴിച്ച് തീർന്നുവെന്ന് മുഖ‍്യപ്രതി അനന്തു കൃഷ്ണൻ മൊഴി നല്‍കി. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്ത് ലക്ഷം രൂപ മാത്രമാണെന്നും വാഗ്ദാനം ചെയ്ത ഉപകരണങ്ങളും മറ്റും വാങ്ങാനും പലർക്ക് കൊടുക്കാനുമായി പണം ചെലവാക്കി. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് പണം വാരിക്കോരി നല്‍കിയതായും അനന്തു പൊലീസിനോട് പറഞ്ഞു.
പകുതിവിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന ആശയം എൻജിഒ കോണ്‍ഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്‍റെതാണെന്നും അനന്തു മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ആനന്ദ് കുമാറിനെ വൈകാതെ ചോദ‍്യം ചെയ്യും. പ്രതിമാസം അനന്തു കൃഷ്ണന്‍റെ സംഘടനയില്‍ നിന്ന് ആനന്ദ കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകള്‍ ലഭിച്ച സാഹചര‍്യത്തിലാണ് ആനന്ദകുമാറിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേസമയം അനന്തു കൃഷ്ണനെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ തിങ്കളാഴ്ച മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
Post a Comment