പുതിയതെരുവിലും പാപ്പിനിശ്ശേരിയിലും ഗതാഗതപരിഷ്കാരം കുരുക്കഴിഞ്ഞ് കണ്ണൂർ

കണ്ണൂർ:കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയില്‍ ജനങ്ങളുടെ പ്രധാന പ്രശ്നമായിരുന്ന ഗതാഗത കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാനായത് യാത്രക്കാർക്ക് അനുഗ്രഹമാകുന്നു. വളപട്ടണം പാലം മുതല്‍ കണ്ണൂർ വരെയുള്ള എട്ട് കിലോമീറ്റർ താണ്ടാൻ അരമണിക്കൂർ മുതല്‍ ഒരുമണിക്കൂർ വരെ വഴിയില്‍ കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് ഏതാനും ദിവസങ്ങളായി ആശ്വാസമായത്.

വളപട്ടണം പൊലീസിന്റെയും കെ.വി സുമേഷ് എം.എല്‍.എയുടെയും ഗതാഗതവകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിഷ്കരണമാണ് വിജയം കണ്ടിരിക്കുന്നത്. വളപട്ടണം പാലത്തിനു മുന്നില്‍ പാപ്പിനിശ്ശേരി കെ.എസ്‌.ടി.പി റോഡ് ജംഗ്ഷനില്‍ വരുത്തിയ പരിഷ്കരണമായിരുന്നു കുരുക്കഴിലിന്റെ ആദ്യ ഘട്ടം. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടും പാലത്തിനു മുകളിലെയും ജംഗ്ഷനിലെയും വാഹനങ്ങളുടെ നീണ്ടനിര നിയന്ത്രിക്കാൻ സാധിച്ചു. ഈ ദൗത്യം വിജയകരമായതോടെയാണ് സംസ്ഥാനത്തുതന്നെ ഏറെ ഗതാഗത കുരുക്കനുഭവപ്പെടുന്ന പുതിയതെരുവിലും ക്രമീകരണങ്ങള്‍ വരുത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 31 മുതല്‍ അഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ നടപ്പാക്കി വിജയം കണ്ടതോടെയാണ് പരിഷ്കരണം തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തത്. ഈ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ യാത്രാദുരിതം ഒരു പരിധി വരെ ഒഴിഞ്ഞിരിക്കുകയാണ്.

ജനങ്ങളുടെയും യാത്രക്കാരുടെയും ബസ് - ഓട്ടോ ജീവനക്കാരുടെയും ഇടയില്‍നിന്ന് നല്ല പ്രതികരണമാണ് ഗതാഗത പരിഷ്കരണത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കാലങ്ങളായി റെഡ് സോണില്‍ കിടന്നിരുന്ന പുതിയതെരു ഇപ്പോള്‍ ഗ്രീൻ സോണിലാണ്.

🔅 *പുതിയതെരുവില്‍ ബസ്ബേ* 

പുതിയതെരു ടൗണില്‍ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ പ്രധാന ബസ് സ്റ്റോപ്പിന്റെ സ്ഥാനത്ത് ബസ് ബേ സ്ഥാപിക്കും. ഇതിനു മുന്നോടിയായി കെ.വി സമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും കെ.എസ്.ഇ.ബിയും ബന്ധപ്പെട്ട വകുപ്പുകളും കഴിഞ്ഞദിവസം സംയുക്ത പരിശോധന നടത്തി. ഇവിടെ ലോക്കല്‍ ബസുകള്‍ക്കായാണ് ബസ് ബേ നിർമ്മിക്കുക. ഇവിടെയുള്ള ട്രാൻസ്‌ഫോമർ, വെയിറ്റിംഗ് ഷെഡ്, പെട്ടിക്കടകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റിയാകും ബസ്ബേ നിർമ്മിക്കുക. 

മേലെ ചൊവ്വയില്‍ ഓവർബ്രിഡ്ജ്

ജില്ലയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റൊരു പ്രധാന മേഖലയായ മേലെചൊവ്വയില്‍ യാത്രാദുരിതങ്ങള്‍ക്ക് അറുതി വരുത്താൻ കേരള സർക്കാർ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ഓവർബ്രിഡ്ജിന്റെ പ്രവൃത്തി പ്രാരംഭഘട്ടത്തിലാണ്. മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാല്‍ കണ്ണൂരിന്റെ ഗതാഗതക്കുരുക്കെന്ന ശാപത്തിന് ശാശ്വത പരിഹാരമാകും.

Post a Comment

Previous Post Next Post