ആഡംബര ജീവിതം, ഭാര്യ അയച്ച പണമെല്ലാം ധൂര്‍ത്തടിച്ചു, കടം അരക്കോടിയോളം; ഭാര്യ നാട്ടിലേക്ക്‌ വരുന്നെന്ന്‌ അറിഞ്ഞതോടെ റിജോ ബാങ്ക്‌ മോഷണത്തിന്‌ ഇറങ്ങി



ചാലക്കുടി (തൃശൂര്‍): മുന്‍കൂട്ടി ആസൂത്രണം ചെയ്‌തപോലെ മൂന്ന്‌ മിനിറ്റിനുള്ളില്‍ ബാങ്ക്‌ കൊള്ള പൂര്‍ത്തിയായി.
'എല്ലാം ശരിയായി' എന്ന ആത്മവിശ്വാസത്തോടെ വീട്ടില്‍ വിശ്രമിക്കുമ്ബോഴാണു ഫെഡറല്‍ ബാങ്ക്‌ പേട്ട ശാഖയില്‍നിന്ന്‌ 15 ലക്ഷം രൂപ കവര്‍ന്ന ചാലക്കുടി ആശാരിക്കാട്‌ സ്വദേശി റിജോ ആന്റണി പിടിയിലായത്‌. അപ്പോഴേക്കും മോഷണം നടന്നിട്ട്‌ 36 മണിക്കൂര്‍ പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. 

ആഡംബര ജീവിതത്തോടുള്ള ഭ്രമത്തിലൂടെയാണു റിജോ കടക്കെണിയിലായത്‌. അതില്‍നിന്നു രക്ഷപ്പെടാനുള്ള വഴിയായാണ്‌ കവര്‍ച്ച തെരഞ്ഞെടുത്തത്‌. വിദേശത്തുനിന്ന്‌ ഭാര്യ അയച്ച പണമെല്ലാം ധൂര്‍ത്തടിച്ചു. ഭാര്യ ഉടന്‍ തിരികെ വരുമെന്നറിഞ്ഞതോടെ ബാങ്ക്‌ കൊള്ളയിലേക്ക്‌ തിരിയുകയായായിരുന്നു. കവര്‍ന്ന പണത്തില്‍നിന്നു പത്ത്‌ ലക്ഷം പോലീസ്‌ റിജോയില്‍നിന്ന്‌ കണ്ടെടുത്തു. 

കുവൈത്തില്‍ നഴ്‌സായ ഭാര്യ റിജോയുടെ പേരിലായിരുന്നു നാട്ടിലേക്ക്‌ പണമയച്ചിരുന്നത്‌. എന്നാല്‍, ഈ പണമെല്ലാം കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാനും മറ്റുമായി റിജോ വിനിയോഗിച്ചു. ധൂര്‍ത്തിലൂടെ കടം അരക്കോടിയോളമെത്തി. ഭാര്യ നാട്ടിലേക്ക്‌ അവധിക്ക്‌ വരുന്നെന്ന്‌ അറിഞ്ഞതോടെ അയാള്‍ പരിഭ്രാന്തിയിലായി. 

കൃത്യമായ തിരക്കഥ തയാറാക്കിയും പരമാവധി പഴുതടച്ചുമാണ്‌ റിജോ കവര്‍ച്ച നടത്തിയത്‌. ആസൂത്രണം ചെയ്‌തപോലെ മൂന്നു മിനിറ്റിനുള്ളില്‍ കൊള്ള നടത്തി ബാങ്കില്‍നിന്ന്‌ രക്ഷപ്പെടാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. ഉച്ച സമയത്ത്‌ ജീവനക്കാര്‍ മുന്‍വശത്ത്‌ കുറവായിരിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലിലായിരുന്നു റിജോ കവര്‍ച്ചയ്‌ക്ക് സമയം കുറിച്ചത്‌. അയാള്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്ബര്‍ സി.സി.ടി.വി. ക്യാമറകളില്‍ പതിയാതിരുന്നത്‌ അന്വേഷണസംഘത്തെ കുഴക്കി. ജി.പി.എസ്‌. സംവിധാനം ഉള്‍പ്പെടെയുള്ള പ്രത്യേകതകളുള്ള സ്‌കൂട്ടറാണു റിജോ ഉപയോഗിച്ചിരുന്നത്‌. തൃശൂര്‍ ജില്ലയില്‍ ആകെയുള്ള ഇത്തരം സ്‌കൂട്ടറുകളുടെ എണ്ണമെടുത്തും പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. 

ഒടുവില്‍ അന്വേഷണം റിജോയില്‍ കേന്ദ്രീകരിച്ചതോടെ ഇയാള്‍ വീട്ടില്‍തന്നെയുണ്ടെന്ന്‌ ഉറപ്പുവരുത്തി. ഇന്നലെ തന്നെ മൂന്നുവട്ടം അന്വേഷണ സംഘം യോഗം ചേര്‍ന്നു. ഡി.ജി.പി.ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തിനു ശേഷമാണ്‌ പല സംഘങ്ങളായി വീട്‌ വളഞ്ഞ്‌ റിജോയെ അറസ്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചത്‌. പഴുതടച്ചുള്ള കവര്‍ച്ചയില്‍ വലിയ ആത്മവിശ്വാസത്തിലായിരുന്ന റിജോ, പോലീസ്‌ എത്തിയതോടെ അമ്ബരപ്പിലായിരുന്നുവെന്ന്‌ അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ബാങ്ക്‌ ജീവനക്കാരെയടക്കം പോലീസ്‌ സംശയമുനയില്‍ നിര്‍ത്തിയിരുന്നു. ഇവരെ പലവട്ടം ചോദ്യംചെയ്‌തു. സംഭവദിവസം രാത്രി 11 വരെ ജീവനക്കാരെ പുറത്തുപോകാന്‍ പോലീസ്‌ അനുവദിച്ചില്ല. 

കവര്‍ച്ച നടത്തി റിജോ കടന്നുകളഞ്ഞിട്ടും പോലീസില്‍ അറിയിക്കാന്‍ ജീവനക്കാര്‍ എട്ട്‌ മിനിറ്റെടുത്തുവെന്നതടക്കമുള്ള വീഴ്‌ചകളും അന്വേഷണ സംഘം ഗൗരവത്തിലെടുത്തിരുന്നു. ജീവനക്കാരെ ബന്ദിയാക്കി കൗണ്ടര്‍ തകര്‍ത്താണു റിജോ 15 ലക്ഷം കവര്‍ന്നത്‌. എന്നാല്‍ 45 ലക്ഷം രൂപ കൈയെത്തും അകലത്തുണ്ടായിട്ടും എടുത്തതുമില്ല. ഈ വിചിത്രകവര്‍ച്ചാ രീതിയും അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു.

Post a Comment

Previous Post Next Post