കേരളത്തിന്റെ ഡിജിറ്റല്‍ സർവേ പദ്ധതിയായ 'എന്റെ ഭൂമി' രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി രാജൻ.മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റല്‍ ലാൻഡ് സർവേ സാധ്യമാക്കുന്നതില്‍ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്ബത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. 2021 ല്‍ ആരംഭിച്ച ഡിജിറ്റല്‍ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകള്‍, റിയല്‍ ടൈം കൈനമാറ്റിക് സംവിധാനങ്ങള്‍, 200 റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓണ്‍സൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
അതോടൊപ്പം പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റില്‍ കേന്ദ്രീകൃത മോണിറ്ററിങ് കണ്‍ട്രോള്‍ സെന്ററുമുണ്ട്'. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങള്‍ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റല്‍ സർവേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും 'എന്റെ ഭൂമി' പോർട്ടല്‍ വഴി അപേക്ഷിക്കണം. ഭൂമി വില്‍ക്കുമ്ബോള്‍ത്തന്നെ നിലവിലെ ഉടമസ്ഥനില്‍നിന്ന് പുതിയ ഉടമയിലേക്ക് 'പോക്കുവരവ്' നടത്തുന്ന തരത്തില്‍ സംവിധാനവും നിലവില്‍വരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വില്‍ക്കാനാകൂ.
ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാല്‍ വില്ലേജുകളിലേക്ക് 'പോക്കുവരവി'നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചില്‍ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളില്‍ 'കരം അടച്ചതിനുള്ള രേഖ മാത്രം' എന്നും ഇനിമുതല്‍ രേഖപ്പെടുത്തും. ഇതുള്‍പ്പെടെ ഡിജിറ്റല്‍ സർവേ ചെയ്ത ഭൂമിയില്‍ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങള്‍ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.
ഡിജിറ്റല്‍ സർവേ പൂർത്തിയായ വില്ലേജുകളില്‍ നികുതി സ്വീകരിക്കുന്നത് ഡിജിറ്റല്‍ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി 'എന്റെ ഭൂമി' പോർട്ടല്‍ വഴി അപേക്ഷിക്കുമ്ബോള്‍ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.ഓണ്‍ലൈനായി ലഭിക്കുന്ന നികുതി രസീതില്‍ പഴയതും പുതിയതുമായ സർവേ അല്ലെങ്കില്‍ റീസർവേ നമ്ബറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഉടമസ്ഥനും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റുകക്ഷികള്‍ക്കും പരിശോധിക്കാനാകും.
Post a Comment