പരിയാരത്ത് കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം; ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലില്‍ സൂചിയുണ്ടായിരുന്നുവെന്ന് എഫ്‌ഐആര്‍

കണ്ണൂർ: കണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി അച്ഛൻ ശ്രീജു നല്‍കിയ പരാതിയിന്മേലാണ് നടപടി. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.

24 ദിവസത്തോളം കുഞ്ഞിന്‍റെ കാലില്‍ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്‌ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 

അതേസമയം ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്. ജനിച്ച്‌ രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജില്‍ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛൻ പറഞ്ഞു. 

ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച്‌ പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുഞ്ഞിന്‍റെ കൈയ്ക്കും കാലിനും വാക്സിനെടുത്തെന്നാണ് ആശുപത്രിയില്‍ നിന്ന് പറഞ്ഞതെന്ന് അച്ഛൻ പറയുന്നു. അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം.

പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post