കണ്ണൂർ: തണുത്തുവിറയ്ക്കേണ്ട വൃശ്ചികമാസം അവസാനിക്കാറായിട്ടും സംസ്ഥാനത്ത് തണുപ്പ് തുടങ്ങിയിട്ടില്ല. പകല്‍ താപനില ഉയർന്നുനില്‍ക്കുന്നത് കാരണം ചുട്ടുപൊള്ളുകയാണ് നാട്.
കാലാവസ്ഥയില്‍ വരുന്ന ഈ മാറ്റം ശൈത്യകാലവിളകളുടെ ഉത്പാദനത്തെ ബാധിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. വടക്കൻ കേരളത്തിലാണ് തണുപ്പ് കാര്യമായി അനുഭവപ്പെടാത്തത്. മലയോരമേഖലയില്‍ നേരിയ തണുപ്പ് ഉണ്ടെങ്കിലും മുൻ വർഷങ്ങളെക്കാള്‍ കുറവാണ്.
നവംബർ 28-നും ഡിസംബർ പത്തിനുമിടയില്‍ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയില്‍ മൂന്നുതവണയാണ് കണ്ണൂർ വന്നത്. കണ്ണൂർ നഗരത്തില്‍ ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 25.6 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണയിലും 3.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. തിങ്കളാഴ്ച ഉയർന്ന ചൂട് 34.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയർന്നതായിരുന്നു. മഴ തുടരുന്നതാണ് തണുപ്പിന് തടസ്സമാകുന്നതെന്ന് കാലവസ്ഥാവിദഗ്ധൻ രാജീവൻ എരിക്കുളം അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച രേഖപ്പെടുത്തിയ 9.3 ഡിഗ്രി സെല്‍ഷ്യസാണ് മൂന്നാർ മേഖലയില്‍ ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ സീസണില്‍ ഇതേ സമയം അഞ്ച് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പൂജ്യത്തിന് താഴെവരെയായിരുന്നു.
Post a Comment