കണ്ണൂർ : ചൊക്ലി ടൗണില്‍ സോഡിയം കുറഞ്ഞു പോകുന്ന അസുഖം നേരിട്ട് അബോധാവസ്ഥയിലായ യുവതിക്ക് രക്ഷകരായി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍.
ചൊക്ലി വി പി ഓറിയന്റല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ചൊക്ലി ടൗണിലെ വി പി ഓറിയന്റല്‍ സ്‌കൂളിനരികിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ കയറുന്നതിനിടെയാണ് യുവതിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. റോഡിന് എതിര്‍വശമുള്ള ഗ്രൗണ്ടില്‍ നിന്നും പിടി പിരീഡ് കഴിഞ്ഞ് സ്‌കൂളിലെക്ക് തിരിച്ചു വരുന്ന വഴിയിലാണ് വിദ്യാര്‍ത്ഥിനികള്‍ യുവതി റോഡില്‍കുഴഞ്ഞു വീഴുന്നത് കണ്ടത്.
ഉടന്‍ വിദ്യാര്‍ത്ഥിനികളായ അയിഷ അലോന, കദീജ കുബ്ര, നഫീസത്തുല്‍ മിസിരിയ എന്നിവര്‍ യുവതിക്ക് അരികെ എത്തുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. രാവിലെ സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകന്‍ പി വി ലൂബിന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് നല്‍കിയിരുന്നു. ഈ ക്ലാസാണ് തങ്ങള്‍ക്ക് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
Post a Comment