പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ



തിരുവനന്തപുരം: യൂട്യൂബ് അടക്കമുള്ള ഓൺലൈൻ ചാനലുകൾക്ക് ”റീച്ച്” വർദ്ധിപ്പിക്കാൻ പ്ലസ് വൺ അടക്കമുള്ള പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തുന്നതായി പരാതി. ഇന്നലെ നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ചോർന്നതായാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇത്തരത്തിൽ പരീക്ഷയുടെ തലേ ദിവസം സ്വകാര്യ വാട്സ്ആപ്പ് ചാനൽ വഴി പുറത്തു വിട്ടിരുന്നു. 40 മാർക്കിന്റെ കൃത്യമായ ചോദ്യങ്ങളും മറ്റു ചില ചോദ്യങ്ങൾ നേരിയ വ്യത്യാസം വരുത്തിയുമാണ്  ഓണ്‍ലൈന്‍ വാട്‌സാപ്പ് ചാനലിൽ വഴി പ്രചരിപ്പിച്ചത്.  പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടടെയാണ് ചോദ്യങ്ങൾ  ബുധനാഴ്ച  പുലര്‍ച്ചെ തന്നെ  ചാനലിലൂടെ പ്രചരിപ്പിച്ചത്. ചോദ്യ പേപ്പറിലെ 1,2,4,5,10,12,13,14,15 ചോദ്യങ്ങള്‍ അതേപടിയും 7, 19 ചോദ്യങ്ങള്‍ നേരിയ വ്യത്യാസത്തോടെയുമാണ് അവതരിപ്പിച്ചത്. ചാനല്‍ കണ്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു എന്നും ചോദ്യങ്ങൾ നേരത്തെ അറിയാൻ കഴിയാത്തവർക്ക് പരീക്ഷ കഠിനമായിരുന്നു എന്നും ആരോപണമുണ്ട്.  കഴിഞ്ഞവർഷവും ഇത്തരത്തിൽ ഈ ചാനലിനെതിരെ പരാതി ഉയർന്നിരുന്നു. കണക്കിന് പുറമെ കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യങ്ങളും ഇത്തരത്തിൽ പ്രവചിച്ചിരുന്നെന്നും ചോദ്യ പേപ്പറുകൾ  ചോർത്തിയാണ് ഇത്തരത്തിൽ ചില സ്വകാര്യ ഓൺലൈൻ പഠന സഹായി ചാനലുകൾ മുന്നോട്ട് പോകുന്നതെന്നും അധ്യാപകർ കുറ്റപ്പെടുത്തി. 

Post a Comment

Previous Post Next Post