ചെറുപുഴ: പ്രാപ്പൊയില്‍ എയ്യങ്കല്ലില്‍ കരടിയെ കണ്ടെന്ന് നാട്ടുകാർ. ഇന്നലെ രാവിലെ 11 ഓടെ എയ്യൻകല്ലിലെ കണിയാമ്ബറമ്ബില്‍ പൊന്നപ്പൻ എന്നയാളാണു കരടിയോടു സാദൃശ്യമുള്ള ജീവിയെ വീടിനു സമീപത്തുനിന്നും കണ്ടുവെന്നു പറഞ്ഞത്.
പിന്നീട് തൂമ്ബുങ്കല്‍ കുര്യനും ഭാര്യയും കറുത്ത നിറത്തില്‍ നിറയെ രോമങ്ങളോടു കൂടിയ ജീവിയെ കണ്ടുവെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുന്പ് എയ്യങ്കല്ലിലെ നെയ്യുണ്ണിയില്‍ സുരേഷിന്‍റെ അമ്മയും മകളും കറുത്ത നിറയെ രോമങ്ങളുള്ള ഒരു ജീവിയെ ഇവരുടെ വീടിനു സമീപം കണ്ടതായി പഞ്ചായത്തംഗം വി. ഭാർഗവിയോട് പറഞ്ഞു.
സംഭവമറിഞ്ഞ് നിരവധി ആളുകള്‍ തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്ബ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്‍റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കരടിയുടേതായി യാതൊരു സൂചനയും ലഭിച്ചില്ല. കരടിയെന്നു സംശയിക്കുന്ന ജീവി പോയതെന്നു കരുതുന്ന വഴിയെയാണു തെരച്ചില്‍ നടത്തിയത്. ഈ ഭാഗത്ത് ആള്‍ത്താമസമില്ല.
റബർ തോട്ടവും കാടുകളുമാണ്. എന്നാല്‍, ഈ ഭാഗത്ത് കരടിയെത്താനുള്ള സാധ്യത കുറവാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാല്‍, നാട്ടുകാർ കരടിയോടു സാമ്യമുള്ള ജീവിയെ കണ്ടുവെന്നു പറയുമ്ബോള്‍ രണ്ടുമൂന്നു ദിവസം നിരീക്ഷണം നടത്താനാണ് തീരുമാനം.
പ്രാപ്പൊയില്‍-രയറോം റോഡില്‍ എയ്യങ്കല്ല്, പെരുവട്ടം, കുണ്ടേരി എന്നിവിടങ്ങളില്‍ ധാരാളം സ്ഥലങ്ങളും തോട്ടങ്ങളും വിജനമായി കിടക്കുന്നുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഇവിടെയൊക്കെ കുറുനരി, കാട്ടുപന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവ ധാരാളം ഉണ്ട്. ഇവിടെ മറ്റു വന്യമൃഗങ്ങളും എത്താൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.
പുലിപ്പേടിയില്‍ കഴിയുന്ന മലയോര ജനതയെ കരടിയുമെത്തിയെന്ന വാർത്ത ഭീതിയിലാക്കിയിരിക്കുകയാണ്. റബർ ടാപ്പിംഗ് തൊഴിലാളികള്‍ ഏറെ ആശങ്കയിലാണ്. കാട്ടുപന്നിയെ പേടിച്ചാണു പലരും ടാപ്പിംഗിനു പോകുന്നത്. അതിനിടയിലാണു പുലിയും കരടിയുമെത്തിയിരിക്കുന്നത്. ഇതോടെ കൃഷിയിടങ്ങളില്‍ ജോലിക്കു പോകാനും ആളുകള്‍ മടിക്കുകയാണ്.
Post a Comment