തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു വരെ വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാം.
റായ്ബറേലിയില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടില്‍ 14,71,742 പേർക്കാണ് വോട്ടവകാശം.
എല്‍ഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികള്‍. ആകെ 16 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.
മുൻ മന്ത്രി കെ.രാധാകൃഷ്ണൻ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. 2.13 ലക്ഷം വോട്ടർമാർക്കായി 180 ബൂത്തുകളാണ് ചേലക്കരയില്‍ സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുള്‍പ്പടെ ആകെ 236 ഇവിഎമ്മുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
എൻഡിഎക്കായി കെ.ബാലകൃഷ്ണനും യുഡിഎഫിനായി രമ്യ ഹരിദാസ്, എല്‍ഡിഎഫിനായി യു.ആർ.പ്രദീപും ഉള്‍പ്പടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനു മണ്ഡലത്തില്‍ വോട്ടില്ല.
കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം ആശ്രമം സ്കൂളിലെ 25-ാംനമ്ബർ ബൂത്തിലാണ് പ്രദീപിനു വോട്ട്. പാമ്ബാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116-ാം നമ്ബർ ബൂത്തിലാണ് ബാലകൃഷ്ണനു വോട്ട്.
Post a Comment