കര്‍ഷകര്‍ക്കാശ്വാസമായി കൊക്കോയ്ക്ക് വിലയേറുന്നു; വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍


കോട്ടയം: കാലങ്ങള്‍ക്ക് ശേഷം വില വർധിച്ച്‌ 1000രൂപയിലെത്തിയപ്പോള്‍ വീണ്ടും കൊക്കോ പരിപാലനത്തില്‍ ശ്രദ്ധ പുലർത്തിയ കർഷകരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് വില 200രൂപയിലേത്ത് താഴ്ന്നത്.
എന്നാല്‍ കൊക്കോ വിപണി ഇപ്പോള്‍ വീണ്ടും ഉയർന്ന് 580 രൂപയിലേക്കെത്തിയിരിക്കുകയാണ്. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്ബാടി എന്നീ ബ്ലോക്കുകളിലാണ് നിലവില്‍ കൊക്കോ കൃഷി നടത്തുന്നത്. 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില പെട്ടെന്ന് 200 ലേയ്ക്ക് താഴ്ന്നെങ്കിലും ഇപ്പോള്‍ പരിപ്പിന് ജില്ലയില്‍ 490-580 രൂപ വരെ വിലയുണ്ട്.
എന്നാല്‍ വില പെട്ടെന്ന് ഇടിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വർഷം മുഴുവൻ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കർഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. പ്രധാനമായും ചോക്ലേറ്റ് ഉണ്ടാക്കാനാണ് കൊക്കോ ഉപയോഗിക്കുന്നത്.

അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയില്‍ നിന്ന് കൊക്കോയെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ. കുരങ്ങുകള്‍ കൊക്കോ തോട്ടത്തിലെത്തി മൂപ്പെത്തിയ കായ്കള്‍ ഭക്ഷിക്കുന്നതോടൊപ്പം ശേഷിക്കുന്നവ നശിപ്പിക്കുകയും ചെയ്യുന്നു. മരപ്പട്ടി ശല്യവും ഏറുകയാണ്. കായ്ച്ചു തുടങ്ങിയ കൊക്കോയുടെ ചുവട്ടില്‍ ഗ്രീൻ നെറ്റ് വിരിച്ച്‌ അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്ക്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം കർഷകർ സ്വീകരിച്ച്‌ തുടങ്ങി.

കൊക്കോയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഡിമാൻഡാണ് ഉള്ളത്. ഇതിന്റെ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനത്തിലുണ്ടായ കുറവാണ്. അതുകൊണ്ടുതന്നെ കൊക്കോയ്ക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അതിനനുസരിച്ചുള്ള കൊക്കോ ലഭിക്കുന്നില്ല. ചോക്ളേറ്റ് കമ്ബനികള്‍ വിപണി കൈയടക്കിയിരിക്കുന്നതിനാല്‍ കൊക്കോ പരിപ്പിന്റെ ദൗർലഭ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു.

Post a Comment

Previous Post Next Post