രണ്ട് ദിവസത്തിനകം നിങ്ങളെല്ലാം അറിയും-പി.പി.ദിവ്യയുടെ പ്രസംഗം ഇതാണ്

കണ്ണൂര്‍: താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെ പരസ്യമായാണ് വിമര്‍ശിച്ചത്. കൂടാതെ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയത് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പറഞ്ഞ, എന്റെയൊക്കെ ഹൃദയത്തില്‍ തറച്ച വാചകമുണ്ട്. ഒരു ഫയല്‍ എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പലപ്പോഴും ഞാന്‍ വിമര്‍ശനമായി പറയുന്നതായിട്ട് കരുതുക, അങ്ങനെ പറഞ്ഞിട്ടുപോലും എന്റെ കൈയിലുള്ള ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്ന് എത്രപ്പേര്‍ക്ക് തോന്നിയിട്ടുണ്ടാവും. പത്തുപതിനഞ്ചും പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങുന്ന മനുഷ്യന്‍, അവര്‍ അങ്ങനെ വന്നുപോകുമ്പോള്‍, ആ മനുഷ്യന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെന്ന് ഒരു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മറ്റൊരു കാര്യം. വളരെ സുതാര്യമായിട്ടുള്ള സംവിധാനങ്ങള്‍ ഉള്ള കാലമാണ്. സുതാര്യം എന്നു പറഞ്ഞാല്‍ ഒരു രഹസ്യവും നമുക്ക് ആര്‍ക്കും ഇല്ല. ഞാന്‍ ഇന്ന്് ഫോണില്‍ സംസാരിക്കുന്നതു പോലും പലര്‍ക്കും കേള്‍ക്കാം. ഞാന്‍ വിചാരിക്കുന്നത്. കലക്ടര്‍ വിളിക്കുമ്പോള്‍ ഞാനും കലക്ടറും മാത്രമേ അറിയൂ എന്നാണ്. ഇതിനപ്പുറം ഒരുപാട് ആളുകള്‍ കേള്‍ക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ വിശ്വസിക്കണം.

Post a Comment

Previous Post Next Post