ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാടില്‍ അയഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ്ങ് വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയില്‍ വ്യക്തമാക്കി.
തീർഥാടനത്തിനെത്തുന്ന എല്ലാവർക്കും പമ്ബയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു. ഭക്തരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കാൻ സ്പോട്ട് ബുക്കിങ് അനുവദിക്കും. വിർച്വല്‍ ക്യൂ ശക്തിപ്പെടുത്തും. ഓണ്‍ലൈൻ ബുക്കിങ്ങിനെ കുറിച്ച്‌ അറിവില്ലാതെ എത്തുന്ന ഭക്തർക്ക് വേണ്ടി ദർശന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിങ് മാത്രം മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഭക്തരുടെയും സംഘടനകളുടെയും ഭാഗത്തുനിന്നുയർന്നത്. സ്പോട്ട് ബുക്കിങ് നിർത്തിയതിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വീണ്ടും നടന്ന അവലോകന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് തുടരണമെന്ന് സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചത്. 

സ്പോട്ട് ബുക്കിങ് നിർത്തിയ സർക്കാർ തീരുമാനത്തിനെതിരേ പത്തനംതിട്ട കളക്ടറേറ്റിന് മുന്നില്‍ ശബരിമല അയ്യപ്പസേവാ സമാജമുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post