കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാർത്ഥികള്‍ എത്തിയത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍.
തൃശ്ശൂരിലെ സ്കൂളില്‍ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്. യൂണിഫോമില്‍ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി.
എക്സൈസ് ഓഫീസിന്റെ പിൻവശത്തായി കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വർക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. ഓഫീസിന്റെ പിൻവശത്തൂടെ കയറിയതിനാല്‍ ബോർഡ് കണ്ടില്ല.
സർക്കിള്‍ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു.
Post a Comment