കണ്ണൂർ: ബാങ്കില്‍നിന്ന് ചെക്ക് മോഷ്ടിച്ച് പണംതട്ടിയെന്ന പരാതിയില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. മേലെചൊവ്വയിലെ യൂണിയൻ ബാങ്ക് ശാഖ മാനേജർ അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വ ബ്രാഞ്ചില്‍ ക്ലിയറൻസിനായി സമർപ്പിച്ച ചെക്കുകളാണ് മോഷണം പോയത്. ഇതില്‍ ഒരു ചെക്കില്‍ തിരുത്തല്‍ വരുത്തി എസ്ബിഐയില്‍ ഹാജരാക്കി 40,399 രൂപ മോഷ്ടാക്കള്‍ തട്ടിയെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ബാങ്കിന്‍റെ കൗണ്ടറില്‍ ക്ലിയറൻസിനായി ചെക്കുകള്‍ വന്നത്. ഈ ചെക്കില്‍ പി.ആർ. ഓട്ടോ ഏജൻസീസ് എന്ന സ്ഥാപനത്തിന്‍റെ പേരിലുള്ള ചെക്കാണ് എസ്ബിഐയില്‍ ഹാജരാക്കി തുക ലഭിക്കേണ്ടയാളുടെ പേര് തിരുത്തി പണംതട്ടിയത്. കറുത്തഷർട്ട് ധരിച്ച രണ്ടുപേരെത്തി ചെക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിന്‍റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ ഹിന്ദി സംസാരിച്ചിരുന്നതായി ബാങ്കില്‍ എത്തിയവർ പറയുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ മെയിൻ ബ്രാഞ്ചില്‍ നിന്ന് അഞ്ച് ചെക്കുകള്‍ മോഷണം പോയിരുന്നു. ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവെയാണ് യൂണിയൻ ബാങ്കില്‍ സമാന രീതിയില്‍ മോഷണം നടന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി.
Post a Comment