ഇരിട്ടിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഗതാഗത പരിഷ്കാരം


ഇരിട്ടി: നഗരത്തില്‍ അടുത്തമാസം ഒന്നു മുതല്‍ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനം. ഇതിന്‍റെ ഭാഗമായി നഗരത്തിലെ പാർക്കിംഗ് ഏരിയകളും ബസ്‌ബേകളും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി 30ന് നഗരസഭ, പോലീസ്, ഗതാഗതവകുപ്പ്,ട്രേഡ് യൂണിയനുകള്‍, വ്യാപാരി സംഘടനകള്‍ എന്നിവയുടെ സംയുക്ത പരിശോധന നടത്തും.

ഇന്നലെ മുനിസിപ്പല്‍ ചെയർപേഴ്സണ്‍ കെ. ശ്രീലതയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ഗതാഗത പരിഷ്കരണത്തിന്‍റെ ഭാഗമായി നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയയില്‍ വാഹനങ്ങളടെ പാർക്കിംഗ് അരമണിക്കൂറായി ക്രമീകരിക്കും. പുതിയ ബസ് സ്റ്റാൻഡ് റോഡിന്‍റെ ഇടതു വശം പാർക്കിംഗ് നിരോധിത മേഖലയാക്കും. വലത് വശം ഓട്ടോ സ്റ്റാൻഡായി നിലനിർത്തും. 

താലൂക്ക് ഓഫീസ് ജംഗ്ഷൻ മുതല്‍ കല്യാണ്‍ കട വരെ സ്വകാര്യ പാർക്കിംഗിനും മില്‍മ ബുത്ത് മുതല്‍ കോഫി ഹൗസ് -ന്യു ഇന്ത്യാടാക്കീസ് കവല വരെ ഇരുചക്രവാഹനങ്ങള്‍ക്ക് പാർക്കിംഗ് അനുവദിക്കും. അരമണിക്കൂറായിരിക്കും സമയം. സംയുക്ത പരിശോധനക്ക് ശേഷം നിലവിലുള്ള പാർക്കിംഗ് രീതിയില്‍ ആവശ്യമായ മാറ്റം വേണ്ടതുണ്ടെങ്കില്‍ പരിഗണിക്കും. 

യോഗത്തില്‍ വൈസ്ചെയർമാർ പി.പി. ഉസ്മാൻ രൂപരേഖ അവതരിപ്പിച്ചു. ഇരിട്ടി എസ്‌എച്ച്‌ഒ എ. കുട്ടികൃഷ്ണൻ, എഎംവി ഐ ഡി.കെ. ഷിജി, മുനിസിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗണ്‍സിലർ വി.പി. അബ്ദുള്‍ റഷീദ്, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടില്‍, ക്ലീൻസിറ്റി മാനേജർ കെ.വി.രാജീവൻ, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, ബാബുരാജ് പായം, അജയൻ പായം, പി.ഡി. ടൈറ്റസ്, ഷഫീക്ക്, അയ്യൂബ് പൊയിലൻ, പി. പ്രഭാകരൻ, പി.വി. ചന്ദ്രൻ, പിഡബ്യുഡി ഓവർസിയർ സി.വിവേക്, അരുണ്‍ രാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post