ചുരം പാതയില്‍‌ മണ്ണിടിച്ചില്‍ തുടരുന്നു; റോഡിന്‍റെ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍

നൊടുംപൊയില്‍: നെടുംപൊയില്‍-മാനന്തവാടി ചുരംപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ റോഡിന്‍റെ പുനർനിർമാണം പ്രതിസന്ധിയിലായി.

ചുരംപാതയില്‍ കഴിഞ്ഞ ജൂലൈ 30നാണ് മീറ്ററുകളോളം ദൂരത്തില്‍ വിള്ളല്‍ രൂപപ്പെട്ടത് ഇതേ തുടർന്ന് 100 മീറ്ററോളം ഭാഗത്തെ മണ്ണ് നീക്കം ചെയ്യുകയും അടിഭാഗത്തായി കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. 

മരങ്ങള്‍ ഉള്‍പ്പെടെ പ്രവൃത്തി നടക്കുന്നിടത്ത് കടപുഴകി വീണു. ഇടിച്ചിലുണ്ടായിടത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടത്തുന്നത്. ഇടയ്ക്കിടെ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് പ്രവൃത്തിയെ ബാധിക്കുന്നുണ്ട്. ഇതിനു സമീപത്തായി അപകട ഭീഷണി ഉയർത്തുന്ന തരത്തില്‍ വിള്ളലും സംഭവിച്ചിട്ടുണ്ട്. ഇത് വലിയ ആശങ്ക ഉയർത്തുകയും തൊഴിലാളികളുടെ ജീവനു പോലും ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. 

നെടുംപൊയില്‍-മാനന്തവാടി ചുരംപാതയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കൊട്ടിയൂർ-പാല്‍ച്ചുരം വഴിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. വാഹനപ്പെരുപ്പവും റോഡ് തകർന്നതും ഏലപീടിക, പേരിയ മേഖലയിലുള്ളവർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പലരും കിലോമീറ്ററോളം ചുറ്റിയാണ് ടൗണിലും മറ്റും എത്തുന്നത്. 

റോഡില്‍ വെള്ളം രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം നിരോധിച്ചതോടെ പേരിയ ഭാഗത്ത് നിന്ന് പേരാവൂർ നെടുംപൊയില്‍ ഭാഗങ്ങളിലേക്ക് എത്തുന്നവർ റോഡ് തകർന്ന ഭാഗത്ത് വരെ വരികയും അവിടുന്ന് കാല്‍നടയായി മറുഭാഗത്ത് എത്തി പിന്നീട് വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു ചെയ്യാറ്. എന്നാല്‍, റോഡ് പൂർണമായും ഇടിഞ്ഞതോടെ കാല്‍നടയാത്ര പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.

Post a Comment

Previous Post Next Post