മലകള്‍ ഇടിച്ചു നിരത്തുന്നു; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കുടിയേറ്റ ഗ്രാമങ്ങള്‍

ശ്രീകണ്ഠപുരം: മലകളെല്ലാം മത്സരിച്ച്‌ ഇടിച്ച്‌ നിരത്തുമ്ബോള്‍ കുടിയേറ്റ മലമടക്കുഗ്രാമങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്.
വയനാട് ദുരന്തഭീതി കൂടിയായതോടെ തങ്ങള്‍ക്ക് ഉറക്കമില്ലാതായെന്ന് ഇവിടത്തെ സാധാരണക്കാരായ കർഷകർ പറയുന്നു.

മുൻകാലങ്ങളില്‍ കാലവർഷത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും വൻ ദുരന്തമൊരുക്കിയിട്ടും അതിലൊന്നും പാഠം പഠിക്കാത്തവരാണ് മലകള്‍ ഇടിച്ച്‌ തീർക്കാൻ മത്സരിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശമായ മലകളാണ് ഏറെയും കരിങ്കല്‍ ക്വാറി മാഫിയ തകർക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ കരയത്തുംചാല്‍, കോറങ്ങോട് മഞ്ഞളാംകുന്ന്, ചേപ്പറമ്ബ് എന്നിവയും പയ്യാവൂർ, ഏരുവേശ്ശി, ഉളിക്കല്‍, ഇരിട്ടി, പേരാവൂർ, അയ്യങ്കുന്ന് ,ആലക്കോട്, പരപ്പ, നടുവില്‍ ,ചെറുപുഴ മേഖലകളിലുമെല്ലാം കൂറ്റൻ മലകള്‍ ഇന്ന് ക്വാറി ലോബികള്‍ ൈകയടക്കിയിരിക്കുകയാണ്. വൻതോതില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ പാറകള്‍ പൊട്ടിച്ച്‌ കടത്തുന്നതിനാല്‍ മലകള്‍ക്ക് വിള്ളല്‍ സംഭവിക്കുന്നുണ്ട്. ഇത് കനത്ത മഴയില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കുകയാണ്. പേരിന് ലൈസൻസെടുത്ത് ക്വാറി നടത്തുന്നവരും രേഖകളൊന്നുമില്ലാതെ ക്വാറി നടത്തുന്നവരുമുണ്ട്. പലയിടത്തും അനധികൃത ക്വാറികളായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പരിസ്ഥിതി സംഘടനകളും മറ്റും വീണ്ടും രംഗത്തു വന്നിട്ടുണ്ട്. ക്വാറികളില്‍ നിയമം ലംഘിച്ച്‌ വൻ സ്ഫോടകശേഖര ഉപയോഗവും നടത്തുന്നുണ്ട്. ക്വാറികളിലെ വെടിമരുന്നുപയോഗവും വൻ ശബ്ദവും മലയെ തകർക്കുന്നതോടൊപ്പം സമീപത്തെ വീടുകള്‍ക്കും വിള്ളലുണ്ടാക്കുന്നുണ്ട്. 

കുട്ടികള്‍ക്കും പ്രായമായവർക്കും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ശ്രീകണ്ഠപുരം മേഖലയിലും കരയത്തുംചാലിലും ഏരുവേശ്ശിയിലെ അരീക്കാമലയിലുമെല്ലാം വലിയ മലകള്‍ ഏറെയും ഇടിച്ച്‌ തീരാറായി. ക്വാറികളിലെ സ്ഫോടനം മൂലം പലയിടത്തും ജനജീവിതം ദുരിതക്കയത്തിലാണ്. ചിലർ വീടും സ്ഥലവും ക്വാറിക്കാർക്ക് തന്നെ വിറ്റൊഴിയേണ്ടിയും വന്നു. 

വർഷങ്ങളായി ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ പതിവായ മലമടക്കുഗ്രാമങ്ങളില്‍ മലകള്‍ കവർന്നെടുക്കുന്നവർക്ക് അധികൃതർ ഒത്താശ ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പലയിടത്തും ആക്ഷൻ കമ്മറ്റികളുണ്ടെങ്കിലും അവയെ ദുർബലപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. കരയത്തുംചാല്‍, ഞണ്ണമല, ചേപ്പറമ്ബ് ആലോറക്കുന്ന് എന്നിവിടങ്ങളില്‍ മലകളും പാറകളും ഏറെക്കുറേ ഇല്ലാതായിരിക്കയാണ്. ക്വാറി പ്രദേശങ്ങളില്‍ ഇത്തവണ വേനലില്‍ കടുത്ത ജലക്ഷാമമാണനുഭവപ്പെട്ടത്. മഴക്കാലത്ത് ഉരുള്‍പൊട്ടലും ദുരിതങ്ങളും വേറെ. ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടും അധികൃതർ പലരും അനധികൃത ക്വാറികള്‍ക്ക് കൂട്ടുനില്‍ക്കുമ്ബോള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. രാഷ്ട്രീയ പാർട്ടികള്‍ക്കെല്ലാം വേണ്ടുന്ന തുക കിട്ടുന്നതിനാല്‍ മലകളെല്ലാം തീർന്നാലും പ്രശ്നമില്ലെന്ന നിലപാടിലാണ് അവരെന്നും ജനങ്ങള്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ഭീഷണിപ്രദേശങ്ങളില്‍ മാത്രം 28ലധികം ക്വാറികള്‍

ശ്രീകണ്ഠപുരം: ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിപ്രദേശങ്ങളില്‍ മാത്രം 28 ലധികം ക്വാറികള്‍ പ്രവർത്തിക്കുന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ വർഷത്തെ കണക്ക്. കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതർ നേരത്തെ പരിശോധന നടത്തിയിരുന്നത്. 

നിടിയേങ്ങ വില്ലേജില്‍ എട്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജില്‍ ഏഴ് ക്വാറികളും വെള്ളാട് വില്ലേജില്‍ മൂന്ന് ക്വാറികളും, പയ്യാവൂര്‍ വില്ലേജില്‍ രണ്ട് ക്വാറികളും ആലക്കോട്, ഏരുവേശി, കുറ്റൂര്‍, പെരിങ്ങോം, തിരുമേനി, തോലമ്ബ്ര, വയക്കര, വയത്തൂര്‍ വില്ലേജുകളില്‍ ഓരോന്ന് വീതവും ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് 2021 ല്‍ തന്നെ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. 

ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പിലും ഇക്കാര്യം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരം 65 ലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 28 എണ്ണമാണ് അപകടമേഖലയില്‍ സ്ഥിതി ചെയ്യുന്നത്. 26 ക്വാറികളില്‍ 12 എണ്ണം കുറഞ്ഞ കാലത്തേക്ക് മാത്രം അനുമതി നേടിയവയായിരുന്നു. 53 എണ്ണം ലീസിന് വാങ്ങിയ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ക്വാറികള്‍ അനുമതിക്കായി അപേക്ഷ നല്‍കിയതായും വിവരമുണ്ട്. . പെരിങ്ങോം വില്ലേജില്‍ രണ്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ ഏതാനും ക്വാറികളും നേരത്തെ ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. മറ്റ് പല ക്വാറികള്‍ക്കെതിരെയും പ്രദേശവാസികള്‍ പരാതി നല്‍കുകയും സമരം നടത്തുകയും ചെയ്തിരുന്നു. ക്വാറികള്‍ പ്രവർത്തിക്കുന്ന മലമടക്കു ഗ്രാമങ്ങളിലുള്ളവർ നിലവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് കഴിയുന്നത്.

Post a Comment

Previous Post Next Post