പേരാവൂർ (കണ്ണൂർ): വയനാട് മുണ്ടക്കൈയിലും ചൂരല്‍ മലയിലുമുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന് സന്നദ്ധത അറിയിച്ച ഫേസ്ബുക് പോസ്റ്റിന് കീഴില്‍ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി.
കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം.
'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്' എന്ന പൊതുപ്രവർത്തകന്റെ വാട്സ് ആപ് മെസേജ് 'മാധ്യമം' അടക്കമുള്ള പത്രങ്ങള്‍ വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച കാർഡ് പങ്കുവെച്ചതിന് കീഴിലാണ് എടത്തൊട്ടി സ്വദേശി ഫേസ്ബുക്കില്‍ മോശം കമന്റിട്ടത്. കെ.ടി. ജോർജ് എന്ന അക്കൗണ്ടില്‍നിന്നായിരുന്നു കമന്റ്. കണ്ണൂരില്‍ ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കള്‍ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.
ജോർജിനെ കൂടാതെ ഏതാനും പേരും വാർത്തക്ക് താഴെ സമാന രീതിയില്‍ അശ്ലീല കമന്റുമായി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ജനരോഷം ഉയരുകയാണ്. ഇത്രയും വലിയ ദുരന്തത്തില്‍ കേരളം പകച്ചുനില്‍ക്കുമ്ബോള്‍, അമ്മമാരെ നഷ്ടപ്പെട്ട പൈതങ്ങള്‍ക്ക് മാതൃസ്പർശവുമായി എത്തിയവരെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി. മോശം കമന്റിട്ട മറ്റൊരു യുവാവിനെയും ആള്‍ക്കൂട്ടം മർദിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മുലപ്പാല്‍ നല്‍കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയ ദമ്ബതികളെ കുറിച്ച് മാധ്യമം ഓണ്‍ലൈൻ വാർത്ത നല്‍കിയതോടെ നിരവധി പേർ തങ്ങളും സന്നദ്ധമാണെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകള്‍ നമുക്ക് മുമ്ബില്‍ വരുമ്ബോള്‍ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നും ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ലെന്നുമെല്ലാം മാധ്യമം സോഷ്യല്‍ മീഡിയ കാർഡ് പങ്കുവെച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആയിരക്കണക്കിനാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ പോസ്റ്റർ പങ്കുവെച്ചത്. ആഗോള മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ വേള്‍ഡ് മലയാളി സർക്കിളിലും നിരവധി പേർ ഇത് പങ്കുവെച്ചു.
മാധ്യമം പോസ്റ്ററിലെ വാചകങ്ങള്‍ ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജർമനിയില്‍ കായിക പരിശീലകനും പ്രശസ്ത കളിയെഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഷ്റഫ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് ജർമൻ ഭാഷയിലാക്കിയപ്പോള്‍ അവർക്ക് അദ്ഭുതവും അവിശ്വസനീയവുമായ വാർത്തയായിരുന്നെന്നും ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ചോദിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അങ്ങനെ മലയാളി ആരാണെന്ന് അവരും അറിഞ്ഞെന്നും അദ്ദേഹം കുറിച്ചു.
Post a Comment