തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാണാതായി 37 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവില്‍ സുരക്ഷിതയായി കണ്ടെത്തിയ പതിമൂന്നുകാരിയെ ഇന്ന് രാവിലെ ചൈല്‍ഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും.
വിശാഖപട്ടണത്തുനിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്.
തംബരം- സാന്ദ്രഗച്ചി എക്സ്പ്രസിന്റെ ബെർത്തില്‍ കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് തിരിച്ചറിഞ്ഞതും അവിടെയിറക്കിയതും മലയാളി അസോസിയേഷൻ പ്രതിനിധികള്‍ ആണ്. ശേഷം ആർ.പി.എഫിന് കൈമാറി. ഇന്ന് രാവിലെ ചൈല്‍ഡ് ലൈനിന് കൈമാറും.
ഇന്ന് പുലർച്ചെ കേരളാ പൊലീസിന്റെ ഒരു സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്സ്പ്രസില്‍ കയറിയ കുട്ടി കന്യാകുമാരിയില്‍ ഇറങ്ങിയെങ്കിലും അതേ ട്രെയിനില്‍ തിരിച്ചുകയറി ചെന്നൈ എഗ്മോറിലേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഇന്നലെ വ്യക്തമായിരുന്നു.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളായ തസ്മിദ് തംസിനെ കാണാതായത്. സഹോദരിയുമായി വഴക്കുണ്ടാക്കിയതിന് മാതാവ് ശകാരിച്ചതിന് വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബാഗും വസ്ത്രങ്ങളും 40 രൂപയുമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. അച്ഛനും അമ്മയും ഉച്ചക്ക് വീട്ടില്‍ എത്തിയപ്പോഴാണ് തസ്മിൻ വീടുവിട്ടിറങ്ങിയ കാര്യം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.
Post a Comment