സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കാണ് സാധ്യത.
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ലക്ഷദ്വീപിനും ഗുജറാത്തിനും മുകളിലായി ചക്രവാത ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇവയുടെ സ്വാധീനഫലമായി ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. മറ്റൊരു ചക്രവാതച്ചുഴി ഗുജറാത്തിനു സമീപം വടക്കു കിഴക്കന്‍ അറബിക്കടലിലും സ്ഥിതിചെയ്യുന്നുണ്ട്.

ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴയ്‌ക്കാണ് സാധ്യത.

അതേസമയം മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങള്‍ക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്‌ക്കുക.

Post a Comment

Previous Post Next Post