പിറന്ന മണ്ണില്‍ പ്രിയ വൈദികന് ജനസഞ്ചയങ്ങളുടെ കണ്ണീർപ്പുക്കള്‍

എടൂർ: പിറന്ന മണ്ണില്‍ പ്രിയ വൈദികന് ജനസഞ്ചയങ്ങളുടെ കണ്ണീർപ്പുക്കള്‍. കാസർഗോഡ് മുള്ളേരിയ പള്ളി അങ്കണത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഉയർത്തിയ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച തലശേരി അതിരൂപതയിലെ യുവ വൈദികൻ ഫാ.

മാത്യു (ഷിൻസ്) കുടിലിലിന് ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും വിടയേകി. എടൂരിലെ ഭവനത്തിലും സെന്‍റ് മേരീസ് ഫൊറോന പള്ളിയിലും മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോള്‍ ആ‍യിരങ്ങള്‍ അന്ത്യപ്രണാമം അർപ്പിച്ചു. പ്രിയപ്പെട്ട ഷിൻസച്ചനെ ഒരുനോക്ക് കാണാൻ നാടൊന്നായി ഒഴുകിയെത്തിയപ്പോള്‍ സംസ്കാരശുശ്രൂഷകള്‍ നിശ്ചയിച്ചതിലും ഏറെ വൈകി.

ഇന്നലെ രാവിലെ മൃതദേഹം എടൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ അമ്മ അന്നക്കുട്ടിക്കും സഹോദരങ്ങളായ ലിന്‍റോ, ബിന്‍റോ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും കരച്ചിലടക്കാനായില്ല. കണ്ടുനിന്നവരുടെ പോലും കണ്ണുനിറയ്ക്കുന്നതായിരുന്നു ഇവരുടെ അന്തിമോപചാരം. എടൂർ സെന്‍റ് മേരീസ് പള്ളിയില്‍ വിവിധഘട്ടങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കും വിശുദ്ധ കുർബാനയ്ക്കും തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്‌ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ‌് താരാമംഗലം, തലശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്‍റണി മുതുകുന്നേല്‍, മോണ്‍. സെബാസ്‌റ്റ്യൻ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത വികാരി ജനറാള്‍ കോർഎപ്പിസ്കോപ്പ മോണ്‍. വർക്കി ആറ്റുപുറം, ഫാ. ഷിൻസ് കുടിലിലിന്‍റെ വല്യപ്പച്ചന്‍റെ സഹോദരൻ ഫാ. ജോണ്‍ കുടിലില്‍ സിഎസ്ടി, വല‍്യപ്പച്ചന്‍റെ സഹോദര പുത്രനും ദീപിക ചീഫ് എഡിറ്ററുമായ റവ. ഡോ. ജോർജ് കുടിലില്‍, കുടുംബാംഗങ്ങളായ ഫാ. ജെയിംസ് കുടിലില്‍, ഫാ. ജെയിംസ് മഠത്തിക്കണ്ടം സിഎംഎഫ് എന്നിവർ കാർമികത്വം വഹിച്ചു. 

സീറോ മലബാർ സഭ മേജർ ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടിലിന്‍റെ അനുശോചന സന്ദേശം അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പിള്ളിലും ഫാ. ഷിൻസ് കുടിലിലിന്‍റെ ലഘു ജീവചരിത്രം അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേലും വായിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. 

ദീപികയ്ക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് പുഷ്പചക്രം അർപ്പിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്‍റു മാരായ കെ.പി. രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍ (അയ്യൻകുന്ന്), പി.സി. ഷാജി (ഉളിക്കല്‍), മറ്റു ജനപ്രതിനിധികള്‍, വൈദികർ, സിസ്റ്റേഴ്സ് എന്നിവർ അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. 

തലശേരി അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിലിന്‍റെ നേതൃത്വത്തില്‍ സന്ദേശ ഭവനിലെയും ബിഷപ്സ് ഹൗസിലെയും മുഴുവൻ വൈദികരും എടൂർ സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയില്‍, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് പൂകമല എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാ സമൂഹവും പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. 

വാക്കുകള്‍ ഇടറി മാർ പാംപ്ലാനി

എടൂർ: ഫാ. മാത്യു കുടിലിലിന്‍റെ സംസ്കാരശുശ്രൂഷയുടെ ഭാഗമായുള്ള അനുശോചന സന്ദേശത്തില്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ ഇടറി. 

ഏലിയായെ സ്വർഗത്തിലേക്ക് എടുത്തതുപോലെ മാതാവിന്‍റെ സ്വർഗാരോപണ തിരുനാള്‍ ദിവസം ദൈവം അഗ്‌നിരഥം അയച്ച്‌ ഷിൻസ് അച്ചനെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്നും കർത്താവിനോട് അനുരൂപപ്പെട്ട് മൂന്നുവർഷം കൊണ്ട് തന്‍റെ ബലി പൂർത്തിയാക്കിയ ഹൃദയത്തിന്‍റെ സംതൃപ്തിയാണ് അച്ചന്‍റെ മുഖത്ത് വിരിഞ്ഞ ചിരിയെന്നും ആർച്ച്‌ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Post a Comment

Previous Post Next Post