കോട്ടയം: ജെസ്നയുടെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരി. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് മുണ്ടക്കയത്തെ ലോഡ്ജിൽവെച്ച് ജെസ്നയെ കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് ലോഡ്ജിൽവെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത്. ലോഡ്ജുടമയുടെ ഭീഷണിയെത്തുടർന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നും ലോഡ്ജുടമ ബിജുസേവ്യറും പ്രതികരിച്ചു.
ലോഡ്ജിലെ മുൻ ജീവനക്കാരി പറയുന്നത്
''ലോഡ്ജിൽവെച്ചാണ് അന്ന് ജെസ്നയെ കണ്ടത്. ഈ കൊച്ചെന്താണ് ഇവിടെ നിൽക്കുന്നത് മുതലാളിയോട് ചോദിച്ചപ്പോൾ അദ്ദേഹം വഴക്കുണ്ടാക്കി. ഇത് ലോഡ്ജാണ് പലരും വരും നിനക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. ഇവിടെയുള്ള കാര്യങ്ങൾ ടൗണിൽ പറഞ്ഞാൽ നിന്നെ തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ക്രൈംബ്രാഞ്ച് വന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. ബിജു എന്നാണ് ലോഡ്ജ് ഉടമയുടെ പേര്. അന്ന് അയാളെ പത്തനംതിട്ട പോലീസ് ഓഫീസിൽ കൊണ്ടുപോയി ചോദ്യംചെയ്തിരുന്നു.
കാണാതായതിന് ശേഷം പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് ജെസ്നയെ തിരിച്ചറിഞ്ഞത്. ലോഡ്ജിൽനിന്ന് കണ്ടിട്ട് രണ്ടുമാസത്തിന് ശേഷമാണ് പത്രത്തിലെ ഫോട്ടോ കണ്ടത്. അന്ന് വന്ന കൊച്ചല്ലേ ഇതെന്ന് ബിജുവിനോട് ചോദിച്ചപ്പോൾ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ആവശ്യമില്ലാത്ത പണിയൊന്നും ഉണ്ടാക്കരുതെന്നും പറഞ്ഞു.
Post a Comment