അര്‍ജുനെ കാത്ത് നാട്; രക്ഷ പ്രവര്‍ത്തനത്തിന് ഇന്ന് സൈന്യമെത്തും, തിരച്ചിലിന് ഐഎസ്‌ആര്‍ഒയുടെ സഹായവും തേടി

ബംഗലൂരു: കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും.
കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്ബില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. 40 പേരടങ്ങുന്ന സൈനികസംഘമാണ് എത്തുക. കനത്ത മഴയാണ് രാവിലെ ഷിരൂരില്‍ പെയ്യുന്നത്.

ഇന്നലെ റഡാർ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കനത്തമഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിരച്ചിലിന് ഐഎസ്‌ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70 ശതമാനം സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. അതിനനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.

Post a Comment

Previous Post Next Post