ആലക്കോട്: സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വില്ലേജ് ഓഫീസുകളും സ്മാർട്ടായി വർഷങ്ങള്‍ പലതു കഴിഞ്ഞിട്ടു മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കെട്ടിടത്തില്‍ ശ്വാസംമുട്ടുകയാണ് വെള്ളാട് വില്ലേജ് ഓഫീസ്.
ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പെടുന്ന വിസ്തൃതമായ വില്ലേജിന്‍റെ ദൈന്യംദിന പ്രവർത്തനങ്ങള്‍ നടക്കുന്നത് കരുവഞ്ചാല്‍ പാലത്തിന് സമീപത്തെ രണ്ടുമുറി കെട്ടിടത്തിലാണ്.
സമീപകാലം വരെ സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയുള്ള വില്ലേജ് ആയിരുന്നു വെള്ളാട് വില്ലേജ്. ഉദയഗിരി പഞ്ചായത്തില്‍ വില്ലേജ് ഓഫീസ് വന്നതോടെയാണ് വിസ്തൃതി അല്‍പം കുറഞ്ഞത്. അത്യന്തം ദൈന്യത നിറഞ്ഞ കാഴ്ചയാണ് ഈ ഓഫീസില്‍. വിലയേറിയ ഫയലുകള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുറിക്കുള്ളില്‍ അട്ടിയിട്ടിരിക്കുന്നു. സൂക്ഷിക്കാൻ അലമാരകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് നിന്നുതിരിയാൻ പോലും സൗകര്യമില്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വില്ലേജ് ഓഫീസിന്‍റെ ദുരവസ്ഥ കാണിച്ച് ദീപിക നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സർക്കാർ സംസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന 42 സ്മാർട്ട് വില്ലേജ് ഓഫീസുകളില്‍ വെള്ളാട് വില്ലേജ് ഉള്‍പെടുത്തി തുക അനുവദിച്ചിരുന്നു എങ്കിലും തുടർനടപടിയുണ്ടായില്ല. ഓഫീസ് ജോലികള്‍ക്കായു കംപ്യൂട്ടർ സൂക്ഷിക്കുന്നതിന് പോലും പറ്റിയ അവസ്ഥയല്ല വില്ലേജ് ഓഫീസിനുള്ളില്‍.
വരുമാനമുണ്ട്, സ്മാർട്ടാക്കാൻ പണമില്ല
സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ പണമില്ല. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അനുമതി പത്രവും ടെക്നിക്കല്‍ അംഗീകാരവും ലഭിക്കാത്തതിനാല്‍ തുടർനടപടി വൈകുകയാണ്. ഏഴു സെന്‍റ് സ്ഥലം സ്വന്തമായി ഉള്ളതിനാല്‍ ടെൻഡർ വിളിച്ചു നിർമാണം ആരംഭിക്കാൻ തടസമൊന്നുമില്ല.
വെള്ളാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസമായി നില്ക്കുന്നത് സർക്കാരിന്‍റെ മോശം സാമ്ബത്തികസ്ഥിതിയാണെന്ന് സൂചനയുണ്ട്. വിസ്തൃതമായ മലയോരമേഖലയില്‍ എത്തിച്ചേരുന്നതിന് കൂടുതല്‍ ഉദ്യാഗസ്ഥരും വാഹനവും അടിസ്ഥന സൗകര്യമുള്ള സ്മാർട്ട് വില്ലേജ് ഓഫീസും ഉണ്ടായാല്‍ മാത്രമേ ജനങ്ങളുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ.
Post a Comment