ചിറ്റാരിക്കല്‍ ( കാസർകോട് ): വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റിവെച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ ജീപ്പിടിച്ചും തലക്കടിച്ചും കൊല്ലാൻ ശ്രമം.
ചിറ്റാരിക്കാല്‍ കാറ്റാംകവലയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ജീവനക്കാരൻ അരുണ്‍ കുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറ്റാംകവലയിലെ ജോസഫും മകൻ സന്തോഷുമാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. അരുണ്‍കുമാറിന്റെ കൂടെയുണ്ടായിരുന്ന ജീവനക്കാരൻ അനീഷ് പിറകോട്ടു മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷൻ ഓഫീസില്‍ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവെക്കാൻ എത്തിയതായിരുന്നു അരുണ്‍ കുമാറും അനീഷും. ഈ സമയം ജോസഫ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പറഞ്ഞതിനുശേഷം മീറ്റർ മാറ്റിവച്ച് റോഡിലേക്ക് ഇറങ്ങിയ അരുണ്‍കുമാറിന്റെ ബൈക്കില്‍ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പ് കൊണ്ട് ഇടിക്കുകയായിരുന്നു. വീണുപോയ അരുണിനെ ജോസഫ് ഇരുമ്ബ് കമ്ബി ഉപയോഗിച്ച് അടിച്ചു. ആക്രമണത്തില്‍ അരുണ്‍കുമാറിന്റെ മൂക്കും ചെവിയും തകർന്നു. ജീപ്പിന്റെ ഇടിയേറ്റ് ബൈക്കിനും കേടുപറ്റിയിട്ടുണ്ട്.
പ്രദേശത്തെമറ്റ് വീടുകളിലെ കേടായ മീറ്ററുകള്‍ മാറ്റിവെച്ച ശേഷമാണ് ഇരുവരും ജോസഫിന്റെ വീട്ടില്‍ എത്തിയത്.ചിറ്റാരിക്കല്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment