നാശംവിതച്ച്‌ കാലവര്‍ഷം


ശ്രീകണ്ഠപുരം: മൂന്നു ദിവസത്തിനുള്ളില്‍ നാലും അഞ്ചും തവണ കൊടുങ്കാറ്റ്. കലിതുള്ളുന്ന കാലവർഷത്തിനൊപ്പമുള്ള കാറ്റ് മലയോരത്തെ ഭീതിയിലാക്കുന്നു.


പയ്യാവൂർമേഖലയില്‍ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പുലർച്ചെ മൂന്നുതവണയാണ് കാറ്റുവീശിയത്. രാത്രിയില്‍ രണ്ടുതവണയുംകാറ്റുവീശി. പത്തിലധികം വീടുകള്‍ക്ക് ഭാഗിക നാശം സംഭവിച്ചു. കാർഷിക മേഖലയിലും കനത്ത നഷ്ടമാണ് ഉണ്ടായത്. കാലവർഷക്കെടുതിയില്‍ മരം പൊട്ടിവീണ് എള്ളരിഞ്ഞി പൊതുശ്മശാന കമ്മിറ്റി ഓഫീസും സ്റ്റോർറൂമും തകർന്നു.

ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കയറി. മടമ്ബം പൊടിക്കളം റോഡിലും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മടമ്ബം പുഴയിലും വെള്ളം ഉയർന്നുവരികയാണ്. അലക്സ് നഗറില്‍ പലയിടത്തും കൊടുംക്കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണ് നാശം സംഭവിച്ചു. ചന്ദനക്കാംപാറ, കുന്നത്തൂർ, വാതില്‍മട, കാക്കത്തോട് ഭാഗങ്ങളിലും മഴ നാശം വിതച്ചു.

കോട്ടൂർ പുഴയോരത്ത് വൻമരങ്ങളാണ് കൂടുതലും കടപുഴകുന്നത്. ഇത്തരം മരങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. ഷീറ്റ്, ഓട് എന്നിവ മേഞ്ഞിരിക്കുന്ന വീടുകള്‍ക്കാണ് കാറ്റ് ഏറ്റവും കൂടുതല്‍ ഭീഷണി. പല സ്ഥലത്തും ഷീറ്റിട്ട വീടുകളുടെ അടുക്കള ഭാഗത്തെ ചെറിയ മേല്‍ക്കൂര പറന്നുപോയി. 

ഇടക്കിടെയുള്ള കൊടുങ്കാറ്റുകള്‍ വൈദ്യുതി ബോർഡിനും വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. ചെങ്ങളായി, പരിപ്പായി, നിടുവാലൂർ, ചെമ്ബന്തൊട്ടി, ചുഴലി, കരയത്തുംചാല്‍, നിടിയേങ്ങ ഭാഗങ്ങളിലും മഴ ദുരിതം വിതച്ചു.

മഴയില്‍ വീട് തകർന്നു 

പെരുമ്ബടവ്: ശക്തമായ മഴയില്‍ പെരുമ്ബടവ് കിഴക്കേചെത്തിപ്പുഴ ഏലിക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിന്‍റെ മേല്‍ക്കൂരയും ചുമരുകളും പൂർണമായും തകർന്നു. തകർന്നു വീണ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 

വാർധക്യസഹജമായ രോഗങ്ങളുള്ള ഏലിക്കുട്ടിയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റവന്യൂ അധികൃതർ വീട് സന്ദർശിച്ചു. ഇവർക്ക് താമസിക്കാൻ മറ്റൊരിടം ഇല്ലാത്ത അവസ്ഥയിലാണ്.

ജില്ലയില്‍ ഇതുവരെ 10പേർ മുങ്ങിമരിച്ചു; 
10 വീടുകള്‍ പൂര്‍ണമായി തകർന്നു 

കണ്ണൂർ: കാലവർഷത്തില്‍ ജില്ലയില്‍ ഇതുവരെ 10 പേർ മരിച്ചു. എല്ലാം മുങ്ങി മരണങ്ങളായാണ് റിപ്പോർട്ട് ചെയ്തത്. 

ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണു ഒളവിലം സ്വദേശി ചന്ദ്രശേഖരൻ (63) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ കാലവർഷത്തില്‍ ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ് താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതം പൂർണ മായി തകർന്നു. കണ്ണൂർ താലൂക്കില്‍ ഒരു വീടും പൂർണമായി തകർന്നു. 

തലശേരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഭാഗികമായി തകർന്നത്. ഇവിടെ 60 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ഇരിട്ടിയില്‍ 54 ഉം, തളിപ്പറമ്ബില്‍ 46 ഉം പയ്യന്നൂരില്‍ 36 ഉം, കണ്ണൂരില്‍ 22 ഉം വീടുകള്‍ ഇതുവരെ ഭാഗികമായി തകർന്നു.

Post a Comment

Previous Post Next Post