ആലക്കോട് : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ ഫാമുകളിലെ പന്നികളുടെ കള്ളിംഗ് (ഉന്മൂലനം) പൂർത്തിയായി.
പത്ത് ഫാമുകളിലായുള്ള 179 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്.
ഇന്നലെ രാവിലെ ആരംഭിച്ച നടപടികള്‍ രാത്രി വൈകിയാണ് പൂർത്തീകരിച്ചത്. കനത്ത മഴയാണ് കള്ളിംഗ് പ്രവർത്തനം വൈകിപ്പിക്കാനിടയാക്കിയത്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസിന്‍റെ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരടക്കമുള്ള 40 അംഗ ടാസ്ക് ഫോഴ്സാണ് ഉന്മൂലന പ്രവർത്തനങ്ങള്‍ നടത്തിയത്.
കൊല്ലുന്ന പന്നികളെ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കരിക്കേണ്ട ക്രമീകരണങ്ങള്‍ ചൊവ്വാഴ്ച തന്നെ ഒരുക്കിയിരുന്നു. വൈദ്യുതാഘാതമേല്‍പ്പിച്ചാണ് പന്നികളെ ദയാവധത്തിന് ഇരയാക്കിയത്.
അതിനിടെ കർണാടക വനാതിർത്തിയിലുള്ള എരണിക്കലിലെ ഒരു ഫാമില്‍ ടാസ്ക് ഫോഴ്സിനെതിരേ പ്രതിഷേധമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. മണ്ണാത്തിക്കുണ്ടിലെ ബാബു കൊടക്കനാല്‍ എന്ന കർഷകന്‍റെ ഫാമിലായിരുന്നു പന്നിപ്പന്നി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനമെന്ന നിലയില്‍ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെയാണ് കള്ളിംഗ് നടത്തിയത്.
Post a Comment