നീറ്റില്‍ ഒന്നാം റാങ്ക് നേടി കണ്ണൂര്‍ സ്വദേശി ശ്രീനന്ദിന് ചരിത്ര നേട്ടം, ഒരുകോടി ഉപഹാരമായി നല്‍കി പാല ബ്രില്യൻ്റ് സ്റ്റഡി സെൻ്റര്‍

കണ്ണൂർ: "വിവാദങ്ങള്‍ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളില്‍ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു.


ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോള്‍ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോള്‍ ഇരട്ടി സന്തോഷമായി.'' നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്‍റെ വാക്കുകളാണിവ. 

സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസള്‍ട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ 720ല്‍ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരില്‍ ഏക മലയാളിയാണ് ശ്രീനന്ദ്. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദ് പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്. 

ഡല്‍ഹി എയിംസില്‍ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്‍റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിള്‍ ഗോപാലന്‍റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിള്‍ സഹോദരിയാണ്. 

ഒരു കോടി സമ്മാനവുമായി പാലാ ബ്രില്ല്യന്‍റ് 

രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദിനെ അഭിനന്ദിക്കാൻ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റർ ഡയറക്ടർ ജോർജ് തോമസ് പൊ‌ടിക്കുണ്ടിലെ വീട്ടിലേക്ക് ഓടിയെത്തി. കൈവശം ഒരു കോടി രൂപയുടെ ചെക്കും കൈ നിറയെ സമ്മാനങ്ങളും ഉണ്ടായിരുന്നു. പൂമാലയും പൂച്ചെണ്ടും നല്‍കിയും കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ബ്രില്ല്യന്‍റിന്‍റെ സന്തോഷം അദ്ദേഹം പങ്കിട്ടു. കണ്ണൂർ ബ്രില്ല്യന്‍റ് സെന്‍റർ ഹെഡ് റോഷ്ന ബിജുവും ജീവനക്കാരും ശ്രീനന്ദിനെ അഭിനന്ദിക്കാൻ ഒപ്പമെത്തിയിരുന്നു.

Post a Comment

Previous Post Next Post