കൊല്ലം: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ജീവനക്കാരിയായ യുവതി പൊലിസില്‍ കീഴടങ്ങി. തൃശൂര്‍ വലപ്പാടുള്ള സ്ഥാപനത്തിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങി ഒടുവില്‍ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 18 വര്‍ഷമായി ധന്യ ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ഇവര്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് സ്ഥാപനത്തില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയത്. 2019 മുതലാണ് പ്രതി തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
19.94 കോടി തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ധന്യയുടേയും മറ്റ് നാല് കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് 5 കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിക്കൂട്ടിയെന്നു പൊലീസ് പറയുന്നു.
കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നു ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നായിരുന്നു പരാതി.
Post a Comment