കർവാർ: ഷിരൂർ മലയടിവാരത്തില്‍ ഗംഗാവലിപ്പുഴയുടെ തീരത്തെ ലക്ഷ്മണ്‍ നായിക്കിന്‍റെ വീടും ഹോട്ടലും ദേശീയപാതയിലെ മലയാളി ലോറി ഡ്രൈവർമാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായിരുന്നു.
കന്നഡയ്ക്കൊപ്പം മലയാളവും നന്നായി സംസാരിക്കാനറിയാവുന്ന ലക്ഷ്മണ്‍ നായിക്കിന്‍റെ ഹോട്ടലിലെത്തിയാല്‍ രാവിലെ ചൂടുള്ള ഇഡ്ഡലിയും ദോശയുമൊക്കെ അടങ്ങുന്ന കേരളീയഭക്ഷണം കിട്ടുമായിരുന്നു.
രാത്രി മുഴുവൻ വണ്ടിയോടിച്ചെത്തുന്ന ഡ്രൈവർമാർക്ക് കുളിച്ചു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും സൗജന്യമായി ഒരുക്കിയിരുന്നു. വീടും ഹോട്ടലും ഒരുമിച്ചായതുകൊണ്ട് ലക്ഷ്മണ്‍ നായിക്കും ഭാര്യ ശാന്തിയും മക്കളായ റോഷനും അവന്തികയും എപ്പോഴും കടയില്‍ തന്നെയുണ്ടാകുമായായിരുന്നു. 10 വയസുള്ള റോഷനും അഞ്ചുവയസുകാരി അവന്തികയും അർജുൻ അടക്കമുള്ള ഡ്രൈവർമാരുടെ കളിക്കൂട്ടുകാരായിരുന്നു.
അകാലത്തില്‍ പൊലിഞ്ഞ കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്‍റെ ആരാധകനായിരുന്ന ലക്ഷ്മണ്‍ പുനീതിന്‍റെ വലിയ ചിത്രം കടയ്ക്കു മുന്നില്‍ മാലയിട്ട് തൂക്കിയിരുന്നു. എല്ലാം തകർത്തെറിഞ്ഞ മലയിടിച്ചിലില്‍ ഇരമ്ബിയെത്തിയ മണ്ണിനും പാറകള്‍ക്കുമൊപ്പം മലയടിവാരത്ത് ഒറ്റപ്പെട്ടുനിന്ന ലക്ഷ്മണിന്‍റെ കൊച്ചുവീടും ഹോട്ടലും പാടേ തകർന്ന് നദിയിലേക്ക് പതിച്ചു.
ആദ്യദിനം നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ക്കിടയില്‍ ലക്ഷ്മണി(45)ന്‍റെയും ശാന്തി(37)യുടെയും പിന്നീട് റോഷന്‍റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പുഴയുടെ മാറിലുറങ്ങിയ അവന്തികയുടെ കുഞ്ഞുശരീരം മൂന്ന് ദിവസത്തിനുശേഷം എട്ടു കിലോമീറ്റർ അകലെ ഗോകർണത്തിന് സമീപത്തുവച്ചാണ് കണ്ടെടുത്തത്.
ലക്ഷ്മണിന്‍റെ വീടും ഹോട്ടലും നിന്നിരുന്ന സ്ഥലം അങ്ങനെതന്നെ ഇടിഞ്ഞ് പുഴയിലേക്ക് വീണിരുന്നു. ദുരന്തം സംഭവിച്ച ദിവസം വൈകിട്ട് ഈ സ്ഥലത്തിനു ചുറ്റും പരതിനടന്ന ഒരു തെരുവുനായ നാട്ടുകാർക്കു സങ്കടക്കാഴ്ചയായി. ഹോട്ടലിനു സമീപം പതിവായി വന്നു കിടക്കുമായിരുന്ന തെരുവുനായയ്ക്ക് ലക്ഷ്മണ്‍ ആഹാരം കൊടുക്കാറുണ്ടായിരുന്നു.
ഇവിടെയെത്തിയ മലയാളികള്‍ മുമ്ബെങ്ങോ ചിത്രീകരിച്ച ഹോട്ടലിനു മുന്നില്‍ ഓടിക്കളിക്കുന്ന റോഷന്‍റെയും അവന്തികയുടെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അർജുനുവേണ്ടി നടത്തിയ തെരച്ചിലില്‍ ദേശീയപാതയില്‍നിന്നു നീക്കംചെയ്ത മണ്ണില്‍ വലിയൊരു പങ്ക് ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത് ലക്ഷ്മണിന്‍റെ വീടും ഹോട്ടലും നിന്നിരുന്ന ഭാഗത്താണ്. അർജുന്‍റെ ട്രക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയതും ഈ സ്ഥലത്തിന് നേരേ താഴെയുള്ള പുഴയുടെ ഭാഗത്താണ്. ഹോട്ടലിന്‍റെ നേരേ എതിർവശത്ത് ട്രക്ക് നിർത്തിയിരുന്ന അർജുൻ വണ്ടിയില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് പോയശേഷമാണോ അപകടത്തില്‍പെട്ടതെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദുരന്തത്തിന്‍റെ ശേഷിപ്പുകളെല്ലാം നീക്കി ദേശീയപാത വീണ്ടും തുറക്കുമ്ബോള്‍ ഇതുവഴിയെത്തുന്ന ഡ്രൈവർമാർക്ക് ഇനി ഇവിടം വേദനിപ്പിക്കുന്ന ഓരോർമയാകും.
Post a Comment