മൂരിക്കടവ് പുഴയ്ക്ക് റഗുലേറ്റര്‍ കം ബ്രിഡ്ജിനായി കാത്തിരിപ്പ് നീളുന്നു

ആലക്കോട്: കേരള-കർണാടക വനാതിർഥി ഗ്രാമങ്ങളായ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട്-മൂരിക്കടവ് എന്നീ കുടിയേറ്റ മേഖലകളെ ബന്ധിപ്പിക്കാൻ മൂരിക്കടവ് പുഴയില്‍ റഗുലേറ്റർ കം ബ്രിഡ്ജ് (ആർസിബി ) നിർമിക്കണമെന്ന് ആവശ്യത്തിന് കാത്തിരിപ്പ് നീളുന്നു.
അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ റോഡ് ഉണ്ടെങ്കിലും ഇതിന് കുറുകെ പുഴ ഒഴുകുന്നതാണ് തടസം. 

വേനല്‍ക്കാലത്ത് ചപ്പാത്ത് വഴി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍, മഴക്കാലത്ത് ഇത് അസാധ്യമാകുന്നു. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതാണ് ഇതിന് കാരണം. ചപ്പാത്തിന് അടുത്തായി 30 വർഷങ്ങള്‍ക്കുമുമ്ബ് നിർമിച്ച കോണ്‍ക്രീറ്റ് നടപ്പാലം ഉണ്ടെങ്കിലും അത് അപകടാവസ്ഥയിലാണ്. 

ഉയരത്തിലുള്ള നടപ്പാലത്തിലെത്താൻ ഒട്ടേറെ ചവിട്ടുപടികള്‍ കയറണം. ഇത് പ്രായമായവർക്കും രോഗികള്‍ക്കും ഇതിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാണ്. അതു പോലെ നടപ്പാലത്തിലേക്കുള്ള ഇടുങ്ങിയ വഴിയും മലവെള്ളത്തിന്‍റെ ഒഴുക്കില്‍ ഇടിഞ്ഞ നിലയിലാണ്.

കാല്‍ നൂറ്റാണ്ട് 
പഴക്കമുള്ള ആവശ്യം

കാടിനോടും മണ്ണിനോടും കാട്ടുമൃഗങ്ങളോടും പോരാടി മണ്ണില്‍ പൊന്നുവിളയിച്ച്‌ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ചീക്കാട്-മൂരികടവ് മേഖലകളില്‍ ഒട്ടേറെ കുടിയേറ്റ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് യാത്ര സൗകര്യം വർധിപ്പിക്കുന്നതിന് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന് കുടിയേറ്റ ജനത പതിറ്റാണ്ടുകളായി ആവശ്യപ്പെട്ട് വരികയാണ്. 
അധികൃതർക്ക് പലതവണ നിവേദനം നല്‍കിയിരുന്നു. ഇതേ തുടർന്ന് ജലസേചന വിഭാഗം സ്ഥലം പരിശോധന നടത്തി എസ്റ്റിമേറ്റും തയാറാക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.


വന്യമൃഗ ശല്യം പതിവ്

വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങള്‍ ആയതുകൊണ്ടു തന്നെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം പതിവായ പ്രദേശമാണ് ഇവിടം. ആർസിബി യാഥാർഥ്യമായാല്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുമ്ബോള്‍ മഴക്കാലത്തും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും ഇരു മേഖലകളിലും എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയും.

റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാല്‍

ആർസിബി യാഥാർഥ്യമായാല്‍ ഈ മേഖലകളിലുടെ വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ നീലക്കയം കാണാനും തുടർന്ന് കാപ്പിമല വഴി മഞ്ഞപ്പുല്ലിലും പൈതല്‍മലയില്‍ എത്തിച്ചേരാനും സാധിക്കും. മലബാറിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കർണാടകയില്‍ നിന്നും നിരവധിയാളുകള്‍ വേനല്‍ക്കാലത്ത് യാത്ര സൗകര്യത്തിന്‍റെ അഭാവത്തിലും ഇതുവഴി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വരുന്നുണ്ട്.

മൂരിക്കടവ്, മുട്ടത്താംവയല്‍, കാപ്പിമല, പ്രദേശങ്ങളെ ചീക്കാട്, ലോവർ ചീക്കാട്, നമ്ബ്യാർമല, അപ്പർ ചീക്കാട് എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ ബന്ധപ്പെടാൻ സാധിക്കും. ദീർഘദൂര ബസ് ഉള്‍പ്പെടെ നിരവധി ബസുകള്‍ സർവീസ് ആരംഭിക്കുന്ന രണ്ടു കേന്ദ്രങ്ങളാണ് ചീക്കാടും മൂരിക്കടവും. ഒരു കിലോമീറ്ററില്‍ താഴെ ദൂരെയുള്ള ഈ രണ്ടു കേന്ദ്രങ്ങളും തമ്മില്‍. എന്നാല്‍, മഴക്കാലത്ത് രണ്ടു പ്രദേശങ്ങളും വേർപ്പെടുന്നതോടെ യാത്രക്കാർക്ക് എതിർഭാഗത്തുനിന്ന് പുറപ്പെടുന്ന ബസുകളില്‍ കയറാൻ സാധിക്കാത്ത അവസ്ഥയാണ്.

മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ ചീക്കാട് ഉണ്ണീശോ പള്ളിയിലേക്ക് പ്രധാന ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. ചീക്കാട് മഹാദേവി ക്ഷേത്രത്തിലേക്കും നിരവധി ഭക്തർ പുറമെ നിന്നും എത്തുന്നുണ്ട്. റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാല്‍ വിശ്വാസികള്‍ക്കും അനുഗ്രഹമാവും. 

മൂരിക്കടവ് നിവാസികള്‍ക്ക് മഴക്കാലത്ത് ഈ ആരാധനാലയങ്ങളിലെത്താൻ പത്തു കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഈ പ്രദേശത്തെ വിദ്യാർഥികള്‍ക്ക് ആലക്കോട് അടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ 10 കിലോമീറ്ററെങ്കിലും കുടുതലായി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

Post a Comment

Previous Post Next Post