നടുവില്‍: വേനലിലും മഴയിലും ഒരു പോലെ പ്രകൃതിസ്നേഹികളായ സഞ്ചാരികളെ മാടിവിളിക്കുകയാണ് വൈതല്‍ മലനിരകള്‍. വേനലിലെ പ്രകൃതി കാഴ്ചകളില്‍നിന്നും ഏറെ വ്യത്യസ്തമാണ് മഴക്കാലത്തെ ദൃശ്യഭംഗികള്‍.
നേർത്തതും കനത്തതുമായി മഴയുടെ താളത്തിനൊപ്പം മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ സഞ്ചാരികളിലേക്ക് പകരുകയാണ് വൈതല്‍മല. കൂടാതെ മലകളിലൂടെ നുരഞ്ഞുപതഞ്ഞ് താഴേക്കേ വരുന്ന നീർച്ചാലുകളും അരുവികളും സഞ്ചാരികളെ അസാധാരണമായ മണ്‍സൂണ്‍ വൈബിലേക്കാണ് കൈപിടിച്ചെത്തിക്കുന്നത്.
കണ്ണൂരിന്‍റെ കൊടുമുടി
കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗവും പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലനിരകളിലൊന്നുമായ വൈതല്‍മല സമുദ്രനിരപ്പില്‍നിന്നും 4500 അടി (1372 മീറ്റർ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് വഞ്ചിയത്തിനും പടിഞ്ഞാറ് മഞ്ഞപ്പുല്ലിനും ഇടയിലായി സ്ഥിതിചെയ്യുന്ന വൈതല്‍ മലയുടെ പടിഞ്ഞാറുഭാഗത്തു നിന്നുള്ള മഴക്കാല കാഴ്ചകളാണ് അതീവ മനോഹരം.
ഉപരിതലത്തില്‍ പെയ്യുന്ന മഴ വെള്ളം നാലു ഭാഗത്തേക്കും നീർച്ചാലുകളായി നിറഞ്ഞൊഴുകുന്നത ദൃശ്യചാരുതയാണ് പടിഞ്ഞാറൻ കാഴ്ചയെ അതിസുന്ദരമാക്കുന്നത്.
നിരവധി നീർച്ചാലുകള്‍ ചേർന്ന് ധാരയായി താഴോട്ടു കുതിച്ചൊഴുകി വൈതല്‍ക്കുണ്ട് ജലപാതമായും മറ്റു വഴികളിലൂടെ ചെറുതോടുകളായി ഒഴുകി അവസാനം ആലക്കോട് പുഴയായി സംഗമിച്ച് കുപ്പം പുഴയായിമാറുകയാണ്.
ആനയുടെ മസ്തകം പോലെ..
വൈതല്‍മലയുടെ ഉപരിഭാഗത്ത് പടിഞ്ഞാറ് പുരാതന ക്ഷേത്രത്തറയുടെയും മണിക്കിണറിന്‍റെയും അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വർഷത്തില്‍ എല്ലാ സമയത്തും വറ്റാത്ത നീരുറവകളുണ്ട്. ചതുപ്പായി കിടക്കുന്ന കുറച്ചു സ്ഥലവുമുണ്ട്. മഴക്കാലത്ത് ഇവിടെനിന്നും ശക്തമായ ജലപ്രവാഹമുണ്ടാകുകയും ഉയരത്തില്‍നിന്നും താഴേക്ക് പതിക്കുകയും ചെയ്യുന്നു. തെളിഞ്ഞ സായാഹ്നങ്ങളില്‍ ഈ കാഴ്ചകളുടെ ഭംഗിയുമേറും. വൈതല്‍മലയുടെ പടിഞ്ഞാറേ ഭാഗം കാപ്പിമല വൈതല്‍ക്കുണ്ട് ഭാഗത്തു നിന്നും കുത്തനെ സ്ഥിതി ചെയ്യുന്നു. 500 മീറ്ററിലേറെ 90 ഡിഗ്രി ചെരിവിലാണ് മലയുടെ ഈ ഭാഗം. കൊടുംകാടും കുത്തനെയുള്ള വഴുവഴുപ്പുള്ള പാറകളുമായതിനാല്‍ ഈ വഴി അതീവ അപകടരമാണ്. കാപ്പിമലയില്‍നിന്നും മഞ്ഞപ്പുല്ല് ഭാഗത്തുകൂടി കാട്ടിലൂടെ മലയുടെ ചെരിവുകളിലൂടെ മൂന്നു കിലോമീറ്ററോളം കാല്‍ നടയായി സഞ്ചരിച്ചാല്‍ മുകള്‍ഭാഗത്ത് എത്തിച്ചേരാം. ദൂരെ നിന്നും നോക്കുമ്ബോള്‍ ആനയുടെ മസ്തകം പോലെ തോന്നുന്നതാണ് വൈതല്‍മലയുടെ പടിഞ്ഞാറു ഭാഗത്തെ കാഴ്ച.
Post a Comment